മരുന്ന് മാറി കുത്തിവച്ച് പശു ചത്ത സംഭവം രണ്ടര മാസത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി
ഹരിപ്പാട്: മരുന്ന് മാറി കുത്തിവച്ച് പശു ചത്ത സംഭവം രണ്ടര മാസത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. കുഴി തോണ്ടി ഇന്നലെ രാവിലെ 11 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്.
പരിശോധനക്കിടയില്‍ ഡോക്ടറുടെ അനാസ്ഥമൂലം സി.ബി.എച്ച്.എഫ് ഇനത്തില്‍പ്പെട്ട 18 ലിറ്റര്‍ പാല് ലഭിച്ചിരുന്ന പശു ചത്തതായി കര്‍ഷകന്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് പൂണശ്ശേരില്‍ രംഗനാഥന്‍ പരാതി നല്‍കിയിരുന്നു. കാര്‍ത്തികപ്പളളി മൃഗാശുപത്രിയില്‍ അന്ന് ഉണ്ടായിരുന്ന ഡോക്ടര്‍ക്കും അറ്റന്‍ഡര്‍ക്കും എതിരേയാണ് തൃക്കുന്നപ്പുഴ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രസവ ശുശ്രൂഷക്കായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം വാങ്ങിയ മരുന്ന് ഡോക്ടറും അറ്റന്‍ഡറും എത്തി പശുവിന് നല്‍കുകയും ഉടന്‍ തന്നെ പശു ചത്ത് വീഴുകയുമായിരുന്നു. അന്ന് ഉടമസ്ഥന്‍ ആവശ്യപ്പെട്ടിട്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ പശുവിനെ മറവ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള സമാശ്വാസം ലഭിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞ് കര്‍ഷകനില്‍ നിന്നും ചില രേഖകളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു.
പിഴവ് മനസിലാക്കിയ വെറ്റിനറി ഡോക്ടര്‍ ആദ്യം നഷ്ടപരിഹാരത്തുക നല്‍കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പാമ്പുകടിയേറ്റാണ് പശു ചത്തതെന്ന് വ്യാജ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കി പിന്‍മാറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഉടമ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കോടതി നിര്‍ദേശിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, തഹസില്‍ദാര്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ തിരുവനന്തപുരം, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ഉടമകള്‍ക്കു വേണ്ടി അഭിഭാഷക ദമ്പതികളായ ബെനോ, ചൈതന്യാ ബെനോ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."