തിരുവാഭരണം നഷ്ടപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കൈമാറിയതായി മധ്യമേഘല ഐ.ജി പി വിജയന്‍ പറഞ്ഞു. ഇന്നലെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ജിയെ കൂടാതെ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡും അന്വേഷണം നടത്തും. മഹാ ക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴയില്‍ നടന്ന സംഭവം വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് ഐ.ജി പറഞ്ഞു. അന്വേഷണത്തിന് ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീക്ക് മേല്‍നോട്ടം വഹിയ്ക്കുമെന്നും ഐ.ജി പറഞ്ഞു. പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡും പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മീഷണര്‍ എസ് പാര്‍വ്വതി, വിജിലന്‍സ് എസ്.പി രതീഷ്‌കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
ഇന്നലെ ക്ഷേത്രത്തിലെത്തിയ ഇവര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിനുശേഷം ജീവനക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. മധ്യമേഘലാ ഐ.ജി. പി വിജയന്‍, ജില്ലാ പോലീസ് മേധാവി എം മുഹമ്മദ് റഫീക്ക്, സ്റ്റേറ്റ് ടെമ്പിള്‍സ് ആന്റ് തെഫ്റ്റ് സ്‌ക്വാഡ് ചീഫ് സന്തോഷ്, ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ ഷാജഹാന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍ എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് സിഐ എം വിശ്വംഭരന്‍, എസ് പ്രജീഷ്‌കുമാര്‍ എന്നിവര്‍ വിവരങ്ങള്‍ ശേഖരിച്ചു.
പത്തോളം പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്‌ട്രോഗ്‌റൂമും ശ്രീകോവിലിലും പരിശോധനക്ക് വിധേയമാക്കി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, വിജയകുമാരന്‍ നായര്‍ക്കാണ് അന്വേഷണച്ചുമതല. നൂറിലേറെ വര്‍ഷം പഴക്കമുള്ള നവരത്‌നത്തിന് പതിനൊന്നര പവന്‍ തൂക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."