സംവിധായകന് ജയസൂര്യയെ മര്‍ദിച്ച സംഭവം ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ചേര്‍ത്തല: കുടുംബസമേതം കാറില്‍ പോകവേ പ്രസിദ്ധ സംവിധായകന് ജയസൂര്യയെ മര്‍ദിച്ച പൊലിസുകാരനെതിരേ നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് ജില്ലാ പൊലിസ് മേധാവിയുടെ ആവശ്യപ്രകാരം ചേര്‍ത്തല ഡി.വൈ.എസ്.പി വെള്ളിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നേരത്തെയും അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കേസിലെ പ്രതിയുമാണ് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്. ചേര്‍ത്തല സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായും കാര്‍ ഡ്രൈവ് ചെയ്തിരുന്ന ജയസൂര്യയെ മര്‍ദിച്ചത് നിയമലംഘനമാണെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. റിപ്പോര്‍ട്ടില്‍ ഇനി നടപടിയെടുക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയാണ്.
അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയസൂര്യയുടെ മൊഴി രേഖപ്പെടുത്തുന്നതിലും പൊലിസ് ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായും ആക്ഷേപമുണ്ട്. വ്യാഴം വൈകിട്ട് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയസൂര്യയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ് എത്തിയത് വെള്ളിയാഴ്ച രാത്രിയില്‍ മാത്രമാണ്. അതും ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ തുടര്‍ന്ന്. ഭാര്യയും കൊച്ചുകുട്ടികളും അടക്കമുള്ള കുടുംബത്തിന്റെ മുന്നിലാണ് ആരോപണ വിധേയനായ പൊലിസുകാരന് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ജയസൂര്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതേസമയം ഇതുവഴി വന്ന ചില യാത്രക്കാരും സംഭവങ്ങള്‍ക്ക് സാക്ഷികളാണെന്നും പറഞ്ഞു.
കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന ജയസൂര്യയെ ദേശീയപാതയില്‍ എരമല്ലൂര്‍ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് പൊലിസുകാരന് കാറില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചത്. സിഗ്നല്‍ പ്രതീക്ഷിച്ചു നിര്‍ത്തിയിട്ടിരുന്ന കാറില്‍ പിന്നിലുണ്ടായിരുന്ന ലോറിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ബൈക്ക് യാത്രികനെ തട്ടി. ഇതിന്റെ രോഷത്താലായിരുന്നു പൊലിസുകാരന്റെ പരാക്രമമെന്നുമാണ് പരാതിയില്‍ പറയുന്നത്. നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ജയസൂര്യ പ്രസിദ്ധ തിരക്കഥാകൃത്ത് എസ്.എല്‍ പുരം സദാനന്ദന്റെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."