മീന്‍ പിടുത്തക്കാര്‍ക്ക് ഭീതിയായി പുല്ലാനി മൂര്‍ഖനുകള്‍
അന്തിക്കാട്: വെങ്കിടങ്ങില്‍ ഒരു വര്‍ഷത്തിനിടയില്‍ വലകളില്‍ കുടുങ്ങിയത് മൂന്ന് പുല്ലാനി മൂര്‍ഖന്‍മാര്‍. മൂര്‍ഖനെ എല്ലാം രക്ഷപ്പെടുത്തി. എന്നാല്‍ ഉള്ളന്നൂര്‍ മനയുടെ വടക്ക് വശത്തുള്ള അന്തിമഹാ കാളന്‍ ക്ഷേത്ര പരിസരത്ത് വലയില്‍ കുടുങ്ങിയ പുല്ലാനി മൂര്‍ഖനെ രക്ഷിച്ചെടുക്കുന്നതിനിടയില്‍ കടിയേറ്റ സതീശ് ലാല്‍ മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. തൊയക്കാവ് മുനമ്പ് കോളനിയിലെ പെരിങ്ങാട്ട് മോഹനന്‍ എന്ന മത്സ്യ തൊഴിലാളി കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. എല്ലാ ദിവസവും പുലര്‍ച്ചെ മത്സ്യം പിടിക്കാന്‍ പോകുന്ന മോഹനന്‍ ബുധനാഴ്ച്ച പോയില്ല.
എന്നാല്‍ തലേ ദിവസം കെട്ടി കരയില്‍ വെച്ചിരുന്ന വലകെട്ടില്‍ മൂര്‍ഖന്‍ കുടുങ്ങി കിടന്നിരുന്നു. ഈ വലകെട്ട് എടുത്താല്‍ കടി ഉറപ്പാണ്. ഇരുട്ട് സമയത്താണ് പുഴയിലെ മീന്‍ പിടിക്കുന്നതിന് തൊഴിലാളികള്‍ പോവുക, സാധാരണ വെളിച്ചം ഉണ്ടാകാറില്ല. രാത്രി കാലങ്ങളില്‍ ഇരപിടിക്കാന്‍ പുഴയോരങ്ങളില്‍ ഇത്തരം പാമ്പുകള്‍ കാണപ്പെടാറുണ്ട്. ടങ്കീസ് വലയില്‍ കുടുങ്ങിയാല്‍ ഒരു അടിയോളം നീളത്തില്‍ തല പുറത്ത് വരും.
ബാക്കി ഉടല്‍ ഭാഗം ഒരു കാരണവശാലും പുറകോട്ടോ, മുന്നോട്ടോ ചലിക്കാന്‍ പാമ്പുകള്‍ക്ക് ആവില്ല. രണ്ട് മാസം മുന്‍പ് തണ്ടഴിപ്പാടത്തും ഒരു മൂര്‍ഖന്‍ വലയില്‍ കുടുങ്ങിയിരുന്നു. ബുധനാഴ്ച്ച കുടുങ്ങിയ പുല്ലാനി മൂര്‍ഖനെ ഫോറസ്റ്റ് വകപ്പ് രക്ഷപ്പെടുത്തി കൊണ്ടുപോയി. ഇത്തരം വന്യ ജീവികളെ കൊന്നാല്‍ ഏഴു വര്‍ഷം തടവ് പതിനായിരം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."