യോഗം നടന്നത് ഒന്‍പത് തവണ: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി വടക്കാഞ്ചേരി
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിന്റേയും, നരസഭയുടേയും ആസ്ഥാന കേന്ദ്രമായ വടക്കാഞ്ചേരി ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു. പല സമയത്തും റോഡ് മുറിച്ചു കടക്കുക പോലും കഴിയാത്ത അവസ്ഥയാണ്. ഇടമുറിയാതെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ദുരിതം മുഴുവന്‍ വയോധികര്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമാണ്. നഗരപ്രദേശത്തിന് പല സ്ഥലത്തും പല വീതിയാണ്. വീതി കുറഞ്ഞ പ്രദേശങ്ങളില്‍ പോലും നടക്കുന്ന അനധികൃത പാര്‍ക്കിങ്ങും ബസുകളുടെ ഇഴയലും, ഗതാഗത കുരുക്കിനാല്‍ നഗരത്തെ മുഖരിതമാക്കുകയാണ്.
ഭാരവാഹനങ്ങള്‍, ബസുകള്‍, കാറുകള്‍ അടക്കം ഇരുചക്ര വാഹനങ്ങള്‍ വരെ നഗരത്തിലൂടെ കടന്ന് പോകുന്നതാണ് വലിയ പ്രതിസന്ധി. നഗരത്തിന് സമാന്തരമായി മറ്റൊരു പാത നിര്‍മിക്കണമെന്ന ആവശ്യം ഇന്നും നാടിന്റെ സ്വപ്നമായി അവശേഷിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വടക്കാഞ്ചേരിയുടെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സമാന്തര പാത എന്നത്. എന്നാല്‍ പ്രഥമ ബജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ വടക്കാഞ്ചേരിക്ക് സമാന്തര പാത പോയിട്ട് ഒരു പദ്ധതിയും ലഭിച്ചില്ല. ചേലക്കര ബൈപാസിന് തുക ലഭിക്കുകയും ചെയ്തു.
നഗരത്തില്‍ സമഗ്ര ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുമെന്ന് നഗരസഭയും പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ല. നഗരസഭ ഇതുവരെ ഒമ്പത് തവണയാണ് ഗതാഗത ഉപദേശക സമിതി യോഗം വിളിച്ച് ചേര്‍ത്തത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ഒടുവില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും നഗരസഭ ഉറപ്പ് നല്‍കി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എടുത്ത തീരുമാനങ്ങളും ലഭിച്ച നിര്‍ദ്ദേശങ്ങളുമൊക്കെ ഇപ്പോഴുമൊക്കെ ഫ്രീസറില്‍ തന്നെയാണ്. ദുരിതം മുഴുവന്‍ അനുഭവിച്ച് തീര്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."