സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയം നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നു
തൊടുപുഴ: ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയം നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നു. സ്ത്രീ സമൂഹം കുടുംബത്തിനകത്തു നിന്നും പുറത്തുനിന്നുമായി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും മാനസിക വൈകാരിക മുറിവുകളും പരിഹരിച്ച് ഉത്തമ കുടുംബ ജീവിതത്തിനും, വ്യക്തി ജീവിതത്തിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഹോമിയോപതി വകുപ്പ് ആവിഷ്‌കരിച്ച സ്ത്രീ സാന്ത്വന പദ്ധതിയാണ് സീതാലയം.
ഈ പദ്ധതി ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷമായി. സ്ത്രീകളുടെയും, കുട്ടികളുടെയും പുരോഗമനം ലക്ഷ്യം വച്ച് ആരംഭിച്ച ഈ പദ്ധതിയില്‍ 6250 ല്‍ പരം കേസുകള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു.
ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌പെഷ്യല്‍ ക്ലിനിക്കുകളാണ് വന്ധ്യതാ നിവാരണവും ലഹരിവിമോചനവും. വന്ധ്യതാ നിവാരണ ചികിത്സക്ക് വളരെയേറെ ചെലവ് കൂടിയിരിക്കുന്ന സാഹചര്യത്തില്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ചികിത്സ നല്‍കുകയാണ് ഹോമിയോപതി വകുപ്പ്. 136 ഓളം പേര്‍ ചികിത്സ നേടിയതില്‍ 28 പേര്‍ക്ക് പൂര്‍ണ്ണ ഫലപ്രാപ്തി ലഭിച്ചു. നിരവധിയാളുകള്‍ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന ദമ്പതിമാരെ വിശദമായ കേസ് ടേക്കിങ്ങിലൂടെ അവരുടെ ശാരീരിക, മാനസിക, വൈകാരിക തലങ്ങളെ കുറിച്ച് പഠിച്ച് കൗണ്‍സിലിങ്ങും, മെഡിക്കല്‍ സേവനവും ലഭ്യമാക്കിയാണ് ചികിത്സയ്ക്ക് വിധേയരാക്കുന്നത്. വിവിധ ചികിത്സകള്‍ പരീക്ഷിച്ചു ലക്ഷകണക്കിനു തുക ചെലവഴിച്ച് നിരാശരായി ഒരു പരീക്ഷണമെന്ന നിലയില്‍ ഹോമിയോപ്പതിയെ സമീപിച്ചവരാണ് ഇതിന്റെ ഫലം അനുഭവിച്ചവരില്‍ ഏറെയും.
വന്ധ്യതാ നിവാരണ ക്ലിനിക്ക് ആഴ്ചയില്‍ ഒരു ദിവസമാണ് പ്രവര്‍ത്തിക്കുന്നത്. ചികിത്സയ്ക്കായി രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഉള്ളത്. ആയതിനാല്‍ രോഗികളുടെ തുടര്‍ സന്ദര്‍ശനത്തിനായി ഒന്നര മാസത്തോളം താമസമുണ്ടാകുന്നു.
ഒരു സ്ഥിരം ഡോക്ടറെയും, എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കും ഉണ്ടെങ്കില്‍ കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനാകുമെന്ന് സീതാലയം അധികൃതര്‍ പറയുന്നു. വണ്ണപുറം ഗവ. ആശുപത്രിയിലെ ഡോ. ജസി തോമസും, പഴയരിക്കണ്ടം ഗവ.ആശുപത്രിയിലെ ഡോ. വിഷ്ണുവുമാണ് ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. വിവിധ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കുറവു മൂലം ടെസ്റ്റുകള്‍ പുറത്ത് നടത്തേണ്ടതായി വരുന്നു. ഇതിനായി പണ ചിലവും ഉണ്ടാകുന്നു. പരിശോധനകള്‍ നടത്തുന്നതിനു എല്ലാവിധ സംവിധാനങ്ങളോടു കൂടിയ ലാബും, ഒരു സ്ഥിരം ഡോക്ടറുടെ സേവനവും ലഭ്യമാക്കിയാല്‍ സീതാലയം പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."