ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം ആസൂത്രിതം
കൊച്ചി: നടിയും നര്‍ത്തകിയുമായ ഷംന കാസിമിന് എതിരായ ബ്ലാക്ക് മെയിലിങ് കേസിന്റെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നീട്ടുമെന്ന് വ്യക്തമാക്കി എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ. തട്ടിപ്പിനുള്ള ശ്രമം ആസൂത്രിതമാണ്. ഇതില്‍ സിനിമാ മേഖലയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നാല് പ്രതികളാണ് പിടിയിലായത്. ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഷംനയെ സ്വര്‍ണക്കടത്തില്‍ പങ്കാളികളാക്കാന്‍ സംഘം ശ്രമിച്ചതായും വിവരമുണ്ട്. അതിനിടെ ഷംന കാസിമിന്റെ ഫോണ്‍ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതിനെപ്പറ്റി വിശദ അന്വേഷണം നടത്തുമെന്നും സാഖറെ പറഞ്ഞു.
പ്രതികള്‍ ഷംനയുടെ പക്കല്‍നിന്നും പത്തുലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടെന്നാണ് വിവരം. ദുബൈയിലെ ബിസിനസിന് പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. അന്‍വര്‍ എന്ന പേരില്‍ പ്രതികളില്‍ ഒരാളായ റഫീഖായിരുന്നു ഷംനയുമായി സംസാരിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന് ആണെന്ന് പൊലിസ് പറഞ്ഞു. മാന്യമായി ഇടപെട്ടതിനാലും കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാലും ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായ സംശയമാണ് പരാതിയിലേക്ക് നയിച്ചത്. ദുബൈയില്‍ സ്വര്ണക്കടയുണ്ടെന്നാണ് പ്രതികള്‍ പറഞ്ഞത്. വിഡിയോ കോള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു.
വിവാഹ ആലോചനയ്ക്കെന്ന പേരിലാണ് പ്രതികള്‍ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവര്‍ തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടില്‍ വരുന്നത് എതിര്‍ക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ ജൂണ്‍ മൂന്നിന് വരന്റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്ന കുറച്ചുപേരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയിരുന്നു. ഇവര്‍ വീടിന്റെയും വാഹനങ്ങളുടെയും ഫോട്ടോയും വിഡിയോയുമെടുത്തതും സംശയമുണ്ടാക്കി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ മാതാവ് പറഞ്ഞു. അതിനിടെ, ഷംനയുടെ വിഷയം പുറത്തുവന്നതിനു പിന്നാലെ മറ്റൊരു നടിയെയും മോഡലിനെയും ഇതേസംഘം ബ്ലാക്ക്മെയില്‍ ചെയ്ത് പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന വിവരവും പുറത്തുവന്നു. ഇവരുടെ പരാതികളില്‍ പൊലിസ് കേസെടുത്തു. പ്രതികള്‍ മുന്‍പ് പലരെയും ലൈംഗിക ചൂഷണം ചെയ്തതായും വ്യക്തമായിട്ടുണ്ട്. ചൂഷണത്തിന് ഇരയായവരെ കണ്ടെത്താന്‍ പൊലിസ് ശ്രമിക്കുകയാണ്. അതേസമയം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഷംനക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നും നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."