മൈസൂരുവില്‍ നിന്ന് 26 ലക്ഷം മഷിക്കുപ്പികള്‍
കൊണ്ടോട്ടി: രാജ്യത്ത് വോട്ടര്‍മാരുടെ വിരല്‍ത്തുമ്പില്‍ മഷി അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് തുടങ്ങിയിട്ട് 57 വര്‍ഷം.1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് വോട്ടിങ് മഷി ആദ്യമായി വോട്ടര്‍മാരുടെ വിരല്‍ത്തുമ്പില്‍ അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കള്ളവോട്ട് തടയാന്‍ ഉപായം കണ്ടെത്തിയത്.
1962ല്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍, നിയമ മന്ത്രാലയം, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് കര്‍ണാടക സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസൂരുവിലെ മൈസൂരു പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനി 57 വര്‍ഷമായി വോട്ടു മഷി നിര്‍മ്മിക്കുന്നത്.
ഈ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ വിരലില്‍ മഷിയടയാളം പതിക്കാന്‍ 26 ലക്ഷം മഷിക്കുപ്പികള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍ഡര്‍ നല്‍കിയത്. 33 കോടി രൂപയാണ് മഷിക്കുപ്പികളുടെ നിര്‍മാണത്തിനായി ചെലവഴിക്കുക.
10 ക്യൂബിക് സെന്റിമീറ്റര്‍ വലിപ്പമുള്ള കുപ്പികളിലാണ് മഷി നിറയ്ക്കുന്നത്. ഇതിന്റെ പ്രവൃത്തിയില്‍ മുഴുകിയിരിക്കുയാണ് തൊഴിലാളികള്‍. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21.5 ലക്ഷം മഷിക്കുപ്പികളാണ് ഉപയോഗിച്ചിരുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ വോട്ടര്‍മാര്‍ കൂടിയതിനാലാണ് ഈ വര്‍ഷം 4.5 ലക്ഷം കുപ്പികള്‍ അധികം വേണ്ടിവന്നത്.
വോട്ടിങ് മഷിക്ക് വയലറ്റ് നിറമാണ്. എന്നാല്‍ ഉണങ്ങിക്കഴിഞ്ഞാല്‍ കറുപ്പോ തവിട്ടോ നിറമായി ഇതു മാറും. മഷിയുടെ രാസഘടന സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടാറില്ല. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഗവേഷകര്‍ക്കും മൈസൂരു കമ്പനിയുടെ ഉന്നതര്‍ക്കും മാത്രമാണ് വിവരങ്ങള്‍ അറിയാവുന്നത്. ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ അതീവ രഹസ്യമായാണ് മഷിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സില്‍വര്‍ നൈട്രേറ്റ് ആണ് വോട്ടിങ് മഷിയിലെ പ്രധാന ഘടകം. നഖത്തിലെയും തൊലിപ്പുറത്തെയും കോശങ്ങള്‍ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും മഷിയുടെ അടയാളം നീണ്ടു നില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കുന്ന ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 10 ലക്ഷം പോളിങ് സ്റ്റേഷനുകളിലേക്കാണ് മഷിക്കുപ്പികള്‍ എത്തിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിലേക്ക് മൈസൂരുവില്‍ നിന്ന് മഷി കയറ്റി അയയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."