ബാവിക്കര സ്ഥിരം തടയണ: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
ബോവിക്കാനം: നിര്‍മാണം പാതിവഴിയില്‍ നിലച്ച ബാവിക്കര സ്ഥിരം തടയണയുടെ പുനര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മൂന്നു കരാറുകാരാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 27.75 കോടി രൂപ അനുവദിച്ചതോടെയാണ് തടയണക്കു വീണ്ടും പുതുജീവന്‍ വച്ചത്.
ആറു മാസം മുന്‍പ് ടെന്‍ഡര്‍ നടപടിയുടെ മുന്നോടിയായുള്ള പ്രിക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ നടന്നിരുന്നു. തുടര്‍ന്ന് ടെന്‍ഡര്‍ നടപടിയിലേക്ക് പോയപ്പോള്‍ പഴയ ഒരു കരാറുകാരന്‍ കോടതിയെ സമീപ്പിച്ചതിനാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പഴയ കരാറുകാരനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലും തടയണ ജില്ലയിലെ ജനക്ഷേമ പദ്ധതിയായതിനാലും പഴയ കരാറുകാരന്‍ കേസ് പിന്‍വലിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തടയണ പൂര്‍ത്തിയാക്കുന്നതിനൊപ്പം ആദ്യം നിര്‍മിച്ച ഭാഗം നവീകരിക്കുകയും ചെയ്യും. പുതിയ നിര്‍മാണം നടത്തുന്ന ഭാഗത്ത് മോട്ടോര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇരുമ്പു ഷട്ടറുകള്‍ നിര്‍മിക്കും.
12 മീറ്റര്‍ നീളത്തിലുള്ള നാലു ഷട്ടറുകളായിട്ടാണ് ഘടനയില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഇതിനായി 18മീറ്റര്‍ ഉയരത്തിലുള്ള അഞ്ചു കോണ്‍ക്രീറ്റ് തൂണുകളും നിര്‍മിക്കും. നിലവിലുള്ള ഭാഗത്ത് ഫൈബര്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് പലകകള്‍ ഉപയോഗിക്കും. ഇറിഗേഷന്‍ ഡിസൈന്‍ അന്‍ഡ് റിസര്‍ച് ബോര്‍ഡാണ് രൂപരേഖ തയാറാക്കിയിട്ടുളളത്. ജല അതോറിറ്റിയുടെ പയസ്വിനി പുഴയിലെ പദ്ധതി പ്രദേശത്തെ ജലസംഭരണിയില്‍ വേനല്‍കാലത്ത് ഉപ്പുവെള്ളം കയറുന്നതു തടയാനും ജലലഭ്യത ഉറപ്പുവരുത്താനും വേണ്ടിയാണ് ആലൂര്‍ മുനമ്പില്‍ സ്ഥിരം തടയണ നിര്‍മാണം തുടങ്ങിയത്. 1980ലാണ് ആദ്യമായി എസ്റ്റിമേറ്റ് തയാറാക്കിയത്. 2005ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും മാസങ്ങള്‍ക്കകം നിര്‍ത്തിവച്ചു. പിന്നീട് 2012ല്‍ വീണ്ടും നിര്‍മാണം തുടങ്ങി പുഴയുടെ പകുതി ഭാഗം വരെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആ കരാറുകാരനും പണി ഉപേക്ഷിച്ചു. ഇതിനകം നാലു കോടിയിലധികം രൂപയാണ് തടയണക്കായി പുഴയിലൊഴുക്കിയത്. തടയണ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കുടിച്ചു വലയുന്ന കാസര്‍കോട് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദുരിതത്തിന് അറുതിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."