തുഷാര്‍ വയനാട്ടിലേക്കു മാറിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ മണ്ഡലത്തില്‍നിന്ന് വയനാട്ടിലേക്കു മാറിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്. തുഷാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ മണ്ഡലത്തില്‍ പുരോഗമിക്കുമ്പോഴാണ് ഇത്തരത്തിലൊരു മാറ്റം.
എന്‍.ഡി.എ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് നടത്തുകയും പോസ്റ്ററുകളും ബോര്‍ഡുകളും ഉള്‍പെടെ തയാറാക്കുകയും ചെയ്തിരുന്നു.
പ്രചാരണത്തില്‍ മുന്നോട്ടുപോയ സാഹചര്യത്തില്‍ തുഷാര്‍ തൃശൂരില്‍ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നാണ് സംസ്ഥാന നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചത്.
പക്ഷെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ താന്‍ വയനാട്ടില്‍ മത്സരിക്കുമെന്നും ബി.ജെ.പി ദേശീയ നേതൃത്വമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും തുഷാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുമായല്ല ഇടതുപക്ഷവുമായാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നു വരുത്തിതീര്‍ക്കുന്നതിനായി തുഷാറിനെ വയനാട്ടിലേക്ക് എത്തിക്കാന്‍ ഇടതു നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ടതായും അതിന്റെ ഫലമാണ് തുഷാറിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്നും പറയപ്പെടുന്നു.
മാത്രമല്ല തൃശൂരിലായാലും വയനാട്ടിലായാലും വിജയിക്കില്ലെന്ന് തുഷാറിനും ബി.ജെ.പിക്കും ഉറപ്പുണ്ട്.
ആ സാഹചര്യത്തില്‍ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്ന രാഹുലിനെ നേരിടുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയെന്ന ആശയമാണ് തുഷാറിനെ വയനാട്ടിലെത്തിച്ചതിനു പിന്നിലുള്ള മറ്റൊരു ഘടകം. ഇതിലൂടെ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്കും തുഷാറിനും ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടാനാകുമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."