തെളിവെടുപ്പിന് പൊലിസിന്റെ ടെസ്റ്റ് റണ്ണും ! രഹസ്യമായി തെളിവെടുപ്പ് നടത്താനുള്ള ശ്രമം പൊളിഞ്ഞു
കോവളം: ടെസ്റ്റ് റണ്‍ നടത്തിയും രഹസ്യ സ്വഭാവം പരമാവധി സൂക്ഷിച്ചും കനത്ത പൊലിസ് ബന്ധവസിലുമാണ് കോളിയൂര്‍ കൊലപാതക കേസിലെ പ്രതികളെ പൊലിസ് തെളിവെടുപ്പിനായെത്തിച്ചത്.
രഹസ്യമായി തെളിവെടുപ്പ് നടത്താനുള്ള പൊലിസിന്റെ ശ്രമം പക്ഷേ പൊളിഞ്ഞു. പ്രതികള്‍ക്കു നേരെ ആക്രമണമുണ്ടാകുമോ എന്നറിയാന്‍ ബുധനാഴ്ച വൈകിട്ട് പൂങ്കുളത്ത് നിന്നും മറ്റൊരു സംഭവത്തില്‍ പിടിയിലായ യുവാവിനെ പൊലീസ് ജീപ്പില്‍ കോളിയൂര്‍ ചാനല്‍ക്കര പ്രദേശത്ത് എത്തിച്ചിരുന്നു. ജീപ്പിന് പിന്നില്‍ അപരിചിതനായ ആളെ കണ്ടതോടെ അതായിരിക്കും കൊലപാതക കേസിലെ പ്രതിയെന്ന് കരുതി നാട്ടുകാര്‍ തടിച്ചുകൂടി.
നാട്ടുകാര്‍ ഇയാളെ കൈയറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത് കൊലപാതക കേസിലെ പ്രതിയല്ലെന്ന് പൊലിസ് അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞു പോയി. പ്രതികളെ എപ്പോള്‍ കൊണ്ടുവരുമെന്ന കാര്യം പൊലിസ് പുറത്തുവിട്ടിരുന്നില്ല. മാധ്യമങ്ങളോടും വിഷയം മറച്ചുവെച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ പ്രദേശം പൊലിസ് വലയത്തിലായിരുന്നു. ഇടയ്ക്കിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവുമെത്തി. ഇടയ്ക്ക് പ്രദേശം വിജനമായ സമയം നോക്കി അപ്രതീക്ഷിതമായാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, പൊലിസ് ജീപ്പുകളുടെ തിരക്ക് കണ്ട് പ്രദേശത്തെ വീടുകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ജനം ഓടിക്കൂടി.
ഫോര്‍ട്ട് എ.സി സുധാകര പിള്ളയുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘമായിരുന്നു പ്രതികളെ കൊണ്ടുവന്നത്. പ്രതികളില്‍ ചന്ദ്രന്റെ മുഖം കറുത്ത തുണി കൊണ്ട് മറച്ച നിലയിലായിരുന്നു. മുന്നില്‍ പിന്നിലും വശങ്ങളിലും പൊലീസ് കാവലോടെയാണ് പ്രതികളെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ചത്. വീടിന് അടുത്തെത്തിയ പ്രതികള്‍ പൊലീസിനോട് സംഭവങ്ങള്‍ വിവരിച്ചു. ഇതിനിടയില്‍ പ്രതി ചന്ദ്രന്റെ മുഖം മറച്ചിരിക്കുന്ന തുണി മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വെച്ചു. പ്രതികള്‍ കൊലക്കു മുന്‍പ് പതുങ്ങിയിരുന്ന കനാലിനു സമീപം എത്തിയപ്പോള്‍ നാട്ടുകാര്‍ കൈയേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന് പ്രതി ചന്ദ്രനെ ഹെല്‍മറ്റ് ധരിപ്പിച്ചാണ് പിന്നീട് തെളിവെടുപ്പ് നടത്തിയത്.
സ്ഥിതി സംഘര്‍ഷഭരിതമാകുന്നത് കണക്കിലെടുത്ത് വേഗത്തിലായിരുന്നു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അതിനിടക്കു പ്രതികളുമായി തിരികെ പോകാന്‍ മുന്നോട്ടെടുത്ത പൊലിസ് വാഹനം നാട്ടുകാരില്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തി. പ്രതി ചന്ദ്രന്റെ മുഖം കാണിക്കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധവുമായി ഇയാള്‍ റോഡിനു കുറുകേ കിടന്നു. പിന്നീട് പൊലിസുകാര്‍ ഇയാളെ പൊക്കി മാറ്റിയാണ് വാഹനത്തിന് വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."