ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ തുരങ്കത്തിലൂടെ വളപട്ടണം പുഴ കടന്നു
തളിപ്പറമ്പ്: ആറുമാസം കൊണ്ട് നിര്‍മിച്ച തുരങ്കത്തിലൂടെ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ വളപട്ടണം പുഴ കടന്നു. ബാവുപ്പറമ്പില്നിന്ന് മുല്ലക്കൊടിയിലേക്ക് പുഴയുടെ അടിയിലൂടെ ആറ് മാസക്കാലമായി തുരങ്ക നിര്‍മാണം നടന്നുവരികയായിരുന്നു. ഇന്നലെയാണ് ഇതിലൂടെ പൈപ്പുകളിട്ടത്. ലൈനിലെ ഏറ്റവും ദുര്‍ഘടമായ പ്രവൃത്തിയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആരംഭിച്ചത്.
400 മീറ്റര്‍ വീതിയുള്ള പുഴയുടെ 667 മീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിച്ചത്. എച്ച്.ഡി.സി രീതിയില്‍ നിര്‍മിക്കപ്പെട്ട തുരങ്കത്തിന് ഒരു മീറ്ററിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ 6.67 കോടി രൂപയാണ് നിര്‍മാണചെലവ് വന്നതെന്ന് ഗെയില്‍ ലെയിസണ്‍ ഓഫിസര്‍ കെ.ആര് രാജേഷ് പറഞ്ഞു. 12 മീറ്ററിലേറെ കട്ടികൂടിയ കരിങ്കല്‍ പാറയായതിനാലാണ് നിര്‍മാണം നീണ്ടുപോയത്.
ഗുജറാത്ത് ആസ്ഥാനമായ കെ.പി.ടി.എല്‍ എന്ന കമ്പനിയാണ് തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചത്. അന്‍പത് തൊഴിലാളികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ നേരം ആറുമാസം തുടര്‍ച്ചയായി ജോലി ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ തുരങ്കം വഴിയുള്ള പൈപ്പിടലിന്റെ നിര്‍ണായകമായ ഘട്ടം പൂര്‍ത്തിയാവും. 2019 ഡിസംബറോടെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."