തലശ്ശേരി മേഖലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശ്ശേരി: തലശ്ശേരിയിലെ വിവിധ മേഖലകളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കുന്നു. സി.പി.എം പ്രവര്‍ത്തകന്റെ അമ്മയ്ക്കും രണ്ടു മക്കള്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസങ്ങളായി ഇല്ലത്തുതാഴെ മണോളികാവില് തുടരുന്ന സംഘര്‍ഷം സമീപ പ്രദേശങ്ങളായ കുട്ടിമാക്കൂല്‍, മൂഴിക്കര, ഊരാങ്കോട്ട് പ്രദേശത്തേക്കും വ്യാപിക്കുകയാണ്. മൂഴിക്കരയിലെ ബി.ജെ.പി അനുഭാവി പഞ്ചാരേന്റവിട ഷൈജുവിന്റെ വീട് സി.പി.എം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന ഒരുസംഘം അടിച്ചുതകര്‍ത്തു. മുന്‍പ് ഷൈജുവിന്റെ സുഹൃത്തും ബി.ജെ. പി പ്രവര്‍ത്തകനുമായ ഊരാങ്കോടെ വാഴയില്‍ വിജേഷ് ബാബു അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ തന്റെ വീട്ടിലേക്ക് ഓടിക്കയറിയിരുന്നുവെന്ന് ഷൈജു പറഞ്ഞു.
ഈ സംഭവത്തിനുശേഷം അര്‍ധരാത്രി സി.പി.എം പ്രവര്ത്തകന് കുട്ടിമാക്കൂല്‍ പെരിങ്കളത്തെ ലനീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായി. സ്ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ടൈല്‍സ് പൊട്ടി ചുമരിന്റെ തേപ്പ് അടര്‍ന്നു. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ലിനീഷിന്റെ അമ്മ ഉഷ(56), ലനീഷിന്റെ മക്കളായ അനാമിക(10), അലേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് ലനീഷ് ആരോപിച്ചു. ഊരാങ്കോട്ടെ വീടാക്രമിച്ചതിനു കണ്ടാലറിയാവുന്ന ഏഴു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ന്യൂമാഹി പൊലിസും ലനീഷിന്റെയും മാതാവ് ഉഷയുടെയും പരാതിയില്‍ പത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പൊലിസും കേസെടുത്തു. പ്രദേശത്ത് ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."