അരീക്കര പുതുവേലി വലിയതോട് നവീകരണം യാഥാര്‍ഥ്യത്തിലേക്ക്
കുറവിലങ്ങാട്: അരീക്കര പുതുവേലി വലിയതോടിന്റെ ആഴംകൂട്ടി നവീകരിക്കുവാനുള്ള വികസനപദ്ധതി നടപ്പാക്കാന്‍ അനുമതി. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ വിഭാഗം നടപ്പാക്കിവരുന്ന എട്ടുകോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അരീക്കര പുതുവേലി തോടിന്റെ നവീകരണം നടപ്പാക്കുക.
അരീക്കര മുതല്‍ 1200 മീറ്റര്‍ നീളത്തിലായാണ് തോട് താഴ്ത്തല്‍ പ്രവര്‍ത്തി മേജര്‍ ഇറിഗേഷന്‍ വിഭാഗം നടപ്പാക്കുന്നത്. ഇതോടൊപ്പം മൈനര്‍ ഇറിഗേഷന്‍ വിഭാഗം കരിങ്ങനാട്ട് ചെക്ക്ഡാം മുതല്‍ കമുകംപിള്ളി പാലം വരെ 840 മീറ്ററും ആലമറ്റചിറയ്ക്ക് മുകളിലായി 120 മീറ്ററും നീളത്തിലാണ് തോട് ആഴംകൂട്ടി വൃത്തിയാക്കുന്നത്. ഇതിലൂടെ കമുകംപിള്ളി ക്രോസ് ബാര്‍, കീപ്പാറ ചെക്ക്ഡാം, കരിങ്ങനാട് ചെക്ക്ഡാം, ആലമറ്റച്ചിറ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തി കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തോടിന്റെ ആഴം കൂട്ടുന്നതോടൊപ്പം അരീക്കര ക്ലബ്ബിന്റെ സമീപത്ത് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ വാക്കാട് പ്രദേശവുമായി ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ഞീഴൂര്‍ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലും മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ കുര്യനാട് ഭാഗത്തും തോടിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വെളിയന്നൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെയും മോനിപ്പള്ളി ചെക്ക് ഡാമിന്റെയും നിര്‍മ്മാണോദ്ഘാടനം 28ന് വൈകുന്നേരം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."