നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: ചികിത്സാ പിഴവെന്ന് പരാതി
കാട്ടാക്കട: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി. മാറനല്ലൂര്‍
വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു രമ്യ ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. ത്വക്ക് രോഗത്തിന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സ്‌നഗ്ഗി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ പാട് കാണിക്കാനായി കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. ഇവിടെ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍കോളജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്കയച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വാങ്ങിയ രണ്ട് ഓയില്‍മെന്റുകളും തുള്ളി മരുന്നും കുഞ്ഞിന് നല്‍കി. ഇവ ഉപയോഗിച്ചു തുടങ്ങിയതോടെ രണ്ടു ദിവസത്തിന്‌ശേഷം കുഞ്ഞിന്റെ ത്വക്ക് വരണ്ടു ചുരുങ്ങിയതായി മാതാപിതാക്കള്‍ പറയുന്നു.
തുടര്‍ന്നു 23ന് വീണ്ടും കുഞ്ഞിനെ മെഡിക്കല്‍കോളജ് ഒ.പിയില്‍ പരിശോധനയ്ക്കായി എത്തിച്ചു .പരിശോധനയ്ക്കു ശേഷം പുതിയ ഓയില്‍മെന്റ് കുറിച്ചു നല്‍കി മടക്കി അയച്ചു. എന്നാല്‍ പുതിയ ഓയില്‍മെന്റ് ഉപയോഗിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ത്വക്ക് അടര്‍ന്നു വരികയും ആരോഗ്യ നില വഷളാവുകയും ചെയ്തു. തുടര്‍ന്ന് 28 ന് വീണ്ടും കുട്ടിയെ മെഡിക്കല്‍കോളജില്‍ എത്തിച്ചു.എസ്.എ.ടിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എസ്.എ.ടിയിലെ ജനറല്‍ വാര്‍ഡില്‍ എട്ടു ദിവസത്തോളം കഴിഞ്ഞ കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. പിന്നീട് നില വഷളായതിനെ തുടര്‍ന്നു കുഞ്ഞിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
ഈ മാസം ഏഴിന് ചികിത്സയെച്ചൊല്ലി ബന്ധപ്പെട്ട് സീനിയര്‍ ഡോക്ടറും പി ജി വിദ്യാര്‍ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്നു ഇക്കഴിഞ്ഞ വെളളിയാഴ്ച കുട്ടിയുടെ പിതാവ് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ഐ സി യുവിനു മുന്‍പില്‍ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകിട്ട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. ത്വക്ക് രോഗത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ കുഞ്ഞ് മരിച്ച ശേഷം ബന്ധുക്കളെ അറിയിച്ചത് വൃക്ക രോഗമായിരുന്നു മരണകാരണമെന്നാണ്.
ചികിത്സയില്‍ അലംഭാവം കാണിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുഞ്ഞിന്റെ പിതാവ് മെഡിക്കല്‍കോളജ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."