കോണ്‍ഗ്രസ് അനുകൂലമായ 687 അക്കൗണ്ടുകള്‍ ഫേസ്ബുക്ക് അടച്ചുപൂട്ടി
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചിയിലെത്തിനില്‍ക്കേ കോണ്‍ഗ്രസ് അനുകൂലമായ 687 അക്കൗണ്ടുകള്‍ ഫേസ്ബുക്ക് അടച്ചുപൂട്ടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 138 പേജുകളും 549 വ്യക്തിഗത അക്കൗണ്ടുകളും അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് സൈബര്‍ സുരക്ഷാനയ വിഭാഗം മേധാവി നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് ആണ് അറിയിച്ചത്.
അടച്ചുപൂട്ടിയതൊക്കെയും കോണ്‍ഗ്രസിന്റെ ഐ.ടി സെല്ല് നേരിട്ട് നിയന്ത്രിക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ അക്കൗണ്ടുകളേയും സ്പാമുകളേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭരണകക്ഷിയായ ബി.ജെ.പിക്കും എതിരായ വിമര്‍ശനങ്ങളായിരുന്നു ഈ അക്കൗണ്ടുകളിലെ ഉള്ളടക്കമെന്നും നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് ആല്‍ഗോരിതം കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്യപ്പെട്ടതെന്നാണ് വിശദീകരണം. ദി ഇന്ത്യ എയ്, ജോ ഫേകു, ഹം, ബാബാ ശ്രേഷ്ടാചാരി തുടങ്ങിയ പേജുകളും പൂട്ടിയതില്‍ ഉള്‍പ്പെടും. നേരത്തേ പാര്‍ലമെന്ററി സമിതി സമൂഹമാധ്യമ മേധാവികളെ വിളിച്ചുവരുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പ്രചാരണം വരുന്നതിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പേജുകള്‍ മാത്രം ലക്ഷ്യംവച്ചുള്ള ഫേസ്ബുക്ക് നടപടി. സമാനരീതിയില്‍ പ്രചാരണം നടത്തുന്ന മറ്റു പാര്‍ട്ടികള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടിയുണ്ടാവുമെന്ന് സൂചനയുണ്ട്.
കൂടാതെ, പാക് ആസ്ഥാനമായ 103 ഇന്ത്യാവിരുദ്ധ അക്കൗണ്ടുകളും ഗ്രൂപ്പുകളും പൂട്ടിയവയില്‍ ഉള്‍പ്പെടും. ഇതില്‍ ചില പേജുകള്‍ക്ക് പാക് സൈന്യവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തു 30 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. തൊട്ടുപിന്നില്‍ 21 കോടി അക്കൗണ്ടുകളുമായി അമേരിക്കയാണ്.
അതേസമയം, തങ്ങളുടെ ഔദ്യോഗിക പേജുകളോ വളന്റിയര്‍മാരെ അധികാരപ്പെടുത്തിയ പേജുകളോ നീക്കം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. കോണ്‍ഗ്രസിന്റെതെന്ന പേരില്‍ നീക്കം ചെയ്ത പേജുകളെയും അക്കൗണ്ടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."