കോണ്‍ഗ്രസിനും പാഠമാക്കാവുന്ന 'യൂത്ത് കോണ്‍ഗ്രസ് '
പാലക്കാട്: വിവാദ പ്രസ്താവനകളിലും തര്‍ക്കങ്ങളിലും അകപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉഴലുമ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത ചടുലതയില്‍ യൂത്ത് കോണ്‍ഗ്രസ്. കൃത്യമായ ഏകോപനമോ സമയബന്ധിതമായ പരസ്പര ആശയ വിനിമയോ ഇല്ലാതെ നാഥനില്ലാക്കളരിയാണ് കോണ്‍ഗ്രസ് എങ്കില്‍ പുതുനേതൃത്വം വന്നതോടെ പ്രവര്‍ത്തനങ്ങളോടെ കൊവിഡ് കാലത്തും കളം നിറഞ്ഞുനില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
ഷാഫി പറമ്പില്‍ പ്രസിഡന്റും കെ.എസ് ശബരീനാഥ് അടക്കമുള്ള ഏഴുപേര്‍ വൈസ് പ്രസിഡന്റുമാരുമായി രൂപവല്‍ക്കരിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി മാര്‍ച്ചില്‍ ചാര്‍ജെടുത്തിരുന്നുവെങ്കിലും ജില്ലാ കമ്മിറ്റികള്‍ ലോക്ക്ഡൗണ്‍ കാരണം സജീവമായിരുന്നില്ല. ഇപ്പോള്‍ ജില്ലാ കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും സജീവമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം ആദ്യത്തോടെ മണ്ഡലം പ്രസിഡന്റുമാരേയും പ്രഖ്യാപിക്കും.
ജില്ലകളുടെയും നിയോജക മണ്ഡലങ്ങളുടെയും ചാര്‍ജ് സംസ്ഥാന ഭാരവാഹികള്‍ക്ക് വീതംവയ്ക്കുകയും ചെയ്തു. കൊവിഡ് കാലത്ത് നടപ്പിലാക്കാനുള്ള പരിപാടികള്‍ 'യൂത്ത് കെയര്‍' എന്ന പേരില്‍ ഏകോപിപ്പിക്കുകയാണ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ആദ്യം ചെയ്തത്. യൂത്ത് കെയറിന്റെ ഭാഗമായി രണ്ട് ലക്ഷത്തിനുമേലെ കുടുംബങ്ങളില്‍ ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനും മരുന്നെത്തിക്കാനും സാധിച്ചതായും യൂത്ത് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
നാട്ടിലെത്താന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് 100 ടിക്കറ്റ് എടുത്തു നല്‍കുന്ന പദ്ധതി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം കിട്ടി. ഇതിന് പൊതുസമൂഹം അനുകൂലമായി പ്രതികരിച്ചതോടെ 1000 ടിക്കറ്റിനുമേലെ പ്രവാസികള്‍ക്ക് എടുത്തുനല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ഒരുക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോളും സംസ്ഥാന സര്‍ക്കാരിനെതിരായ സമരങ്ങളും തകൃതിയാണ്.
എന്നാല്‍ തങ്ങള്‍ക്കനുകൂലമായി ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ പോലും ഉപയോഗിക്കാന്‍ കഴിയാതെ സെല്‍ഫ് ഗോളടിച്ച് സ്വയം പ്രതിരോധത്തിലാവുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി വിവാദം തന്നെ ഉദാഹരണം. പിണറായിയെ പ്രതിരോധിക്കാന്‍ മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പലപ്പോഴും ഒരുമിച്ച് വാര്‍ത്താസമ്മളനം നടത്തുന്നതും കോണ്‍ഗ്രസിന്റെ തന്ത്രപരമായ പിഴവായിട്ടാണ് സാദാ കോണ്‍ഗ്രസുകാരന്‍ വരെ വിലയിരുത്തുന്നത്. ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും പുനസംഘടന പ്രക്രിയ അനന്തമായി നീളുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."