മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
മാനന്തവാടി: പ്രണയിച്ച് വിവാഹം ചെയ്ത യാദവ സമുദായത്തില്‍പ്പെട്ട യുവ ദമ്പതികള്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. വയനാട് ജില്ലാ കലക്ടറോടും, ജില്ലാ പൊലിസ് മേധാവിയോടും, സാമൂഹിക നീതി ഓഫിസറോടും അടിയന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, വയനാട്ടിലെ അടുത്ത ക്യാംപ് സിറ്റിങില്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുവാനും കമ്മിഷന്‍ ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അഡ്വ ശ്രീജിത്ത് പെരുമനയും കക്ഷിചേര്‍ന്നിട്ടുണ്ട്.
മാനന്തവാടി സ്വദേശികളായ അരുണ്‍ പ്രസാദ് (27), സുകന്യ (23) എന്നീ ദമ്പതികളെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി നിയമവിരുദ്ധ നടപടികളും ഊരുവിലക്കും നടപ്പിലാക്കി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവമാണെന്ന് കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.
സ്ത്രീത്വത്തെയും, പൗരാവകാശങ്ങളെയും, അഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തില്‍ സമുദായ നേതാക്കള്‍ സ്വന്തം കൈപ്പടയില്‍ ഒപ്പിട്ടിറക്കിയ നോട്ടിസ് നിയമ വിരുദ്ധവും കുറ്റകരവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."