കോടതിയുടെ കനിവ് കാത്ത് രണ്ട് റോഡുകള്‍
അങ്കമാലി: അങ്കമാലിയിലെ പ്രധാന രണ്ട് റോഡുകള്‍ നന്നാക്കാന്‍ കോടതി കനിയണം. എം.സി റോഡിനെയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന അങ്കമാലി നഗരത്തിലെ പ്രധാനപ്പെട്ട റോഡായ ദേശീയപാത ലിങ്ക് (കിഴക്കേപ്പള്ളി) റോഡും അങ്ങാടിക്കടവ് റോഡും പുതുക്കിപ്പണിയാന്‍ കോടതി കനിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രണ്ട് റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതുമൂലം പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ റോഡുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ബി.എം.ബി.സി നിലവാരത്തില്‍ ടാറ് ചെയ്യുന്നതിനായി റോജി എം. ജോണ്‍ എം.എല്‍.എ മുന്‍കൈയെടുത്ത് 1.88 കോടി രൂപ അനുവദിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. എന്നാല്‍ ടെണ്ടര്‍ സംബന്ധിച്ച് ഒരു കരാറുകാരന് കോടതിയില്‍ പരാതി നല്‍കുകയും ഹൈക്കോടതി തുടര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ നല്‍കുകയും ചെയ്തു.
കേസില്‍ അന്തിമ വിധി വരാത്തതിനാല്‍ റോഡ് പണി തടസപ്പെട്ട് താറുമാറായി കിടക്കുകയാണ്. ഇതോടൊപ്പം തുക അനുവദിക്കപ്പെട്ട റോഡുകളുടെ റീ ടാറിങ് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞു.
കേസിന്റെ ഹിയറിംങ് വേഗത്തിലാക്കുവാന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്. അന്തിമ വിധി നീണ്ടു പോകുന്ന സാഹചര്യത്തില്‍ റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."