കേരളം സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍
പാലാ: കേരളത്തില്‍ ഘട്ടംഘട്ടമായല്ല ഒറ്റയടിക്ക് തന്നെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ 18-ാം സംസ്ഥാന സമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനം സമ്പൂര്‍ണമായി ഏര്‍പ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ വരുമാനനഷ്ടം, വിദേശസഞ്ചാരമേഖലയിലുളള സ്വാധീനം എന്നിവയെല്ലാം നിസാരകാര്യങ്ങളാവും. പരിപൂര്‍ണ മദ്യനിരോധനത്തിന്റെ സ്വാധീനവും സദ്ഫലങ്ങളും പരിശോധിക്കുവാന്‍ ബിഹാറിലേക്ക് ഒരു പഠനസംഘത്തെ തന്നെ അയക്കുവാനും അദ്ദേഹം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ആളുകള്‍ കേരളത്തിലേക്ക് വരുന്നത് മദ്യപിക്കാനല്ല. മറിച്ച് മൗലികമായ പ്രകൃതി സൗന്ദര്യവും ജലാശയവും ആസ്വദിക്കുവാനും നല്ല ആളുകളെ കാണുവാനുമാണ്. സംസ്ഥാനത്തിന്റെ വരുമാനനഷ്ടവും വിനോദസഞ്ചാരികളുടെ കുറവും പഴിപറഞ്ഞ് പലസംസ്ഥാനങ്ങളും കോടതി വിധിയെ മറിക്കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മഹാത്മജിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന 2019-ല്‍ അദ്ദേഹത്തോടുളള ആദരവായി രാജ്യത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, വി.എം.സുധീരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാല്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.സി.ബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷനായി. ഫാ. ജോസഫ് പുത്തന്‍പുര പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."