അരുണാചലില്‍ പേരിടാന്‍ തങ്ങള്ക്കധികാരമെന്ന് ചൈന
ബെയ്ജിങ്: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ നാമകരണത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചൈന. നിയമപരമായ അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഹിമാലയന്‍ സ്റ്റേറ്റ് സൗത്ത് ടിബറ്റിന്റെ ഭാഗമാണെന്നും ചൈന പറഞ്ഞു. വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് ചൈന തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുന്നത്.
കഴിഞ്ഞ മാസം ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചതോടെയാണ് പ്രകോപനവുമായി ചൈന പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ ദിവസം ചൈനീസ് സിവില്‍കാര്യ മന്ത്രാലയമാണ് ഹിമാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കിയത്. ഈ നടപടിയെയാണ് ഇന്നലെ ചൈന ന്യായീകരിച്ചത്. പേരു നല്കിയതുകൊണ്ട് സ്വന്തമാകില്ലെന്നായിരുന്നു ചൈനീസ് നടപടിയോട് ഇന്ത്യ പ്രതികരിച്ചത്.
അരുണാചലിലെ ഓരോ ഇഞ്ച് പ്രദേശവും ഇന്ത്യയുടേതാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പ്രദേശത്തെ ചൊല്ലി ചൈന വ്യാകുലപ്പെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു. ദലൈലാമയെന്ന 81 കാരനായ നേതാവിനെ ചൈന അപകടകാരിയായ ആത്മീയനേതാവായാണ് കാണുന്നത്. എന്നാല്‍ ലാമയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും ആത്മീയതയാണ് ലക്ഷ്യമെന്നും ഇന്ത്യ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."