വയനാട്ടില്‍ ഇടതു സ്ഥാനാര്‍ഥിയേ ജയിക്കൂ എന്ന് പിണറായിയുടെ വീമ്പ്: രാഹുലിനെ പരാജയപ്പെടുത്തി ശിക്ഷിക്കണമെന്ന് യെച്ചൂരി, ഭിന്നിക്കുന്നത് വയനാടിനെ ചൊല്ലി മതേതര വോട്ടുകള്‍
കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളി. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്നും ജയിക്കുക തന്നെ ചെയ്യുമെന്നും കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയും നരേന്ദ്രമോദിയും നേരത്തെ തന്നെ വയനാടില്‍ രാഹുല്‍ വരുന്നതിനെചൊല്ലി വിവാദമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും വിശദീകരണം നല്‍കേണ്ടി വരും. സ്വാഭാവികമായും പുതിയ പോര്‍മുഖം സംഘര്‍ഷഭരിതമാക്കാന്‍ പോകുന്നത് പ്രാദേശിക രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ കൂടിയാണെന്നാണ് വ്യക്തമാകുന്നത്.
മാത്രവുമല്ല വയനാടിനെചൊല്ലിയും മതേതര വോട്ടുകള്‍ പലയിടത്തും ഭിന്നിക്കുകയുമാണ്. എന്‍.ഡി.എ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തില്‍ വരാനുള്ള സാഹചര്യം ഒരുങ്ങുന്നതിനെ മതേതര കക്ഷികള്‍ തന്നെ കാണുന്നില്ല. സ്വന്തം വാദമുഖങ്ങള്‍ നിരത്തി വാദിച്ചു ജയിക്കുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്.
ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതു പക്ഷമെന്നും 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട്ട് അവകാശപ്പെട്ടത്. ടൊന്റ്വി ടൊന്റ്വി എന്ന അവകാശവാദവുമായി യു.ഡി.എഫും നേരത്തെ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.
എന്നാല്‍ ബി.ജെ.പിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നാണ് സി.പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞത്.
ആലപ്പുഴ ലോകസഭാ മണ്ഡലം എല്‍ഡിഎഫ്സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥംസംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെയാണ് സഹായിക്കുന്നത്. തെക്കേയിന്ത്യയില്‍ മല്‍സരിക്കാനാണെങ്കില്‍ കര്‍ണാടകത്തില്‍ പോയി മല്‍സരിക്കാമായിരുന്നു. രാഹുലിന്റെ ഈ നടപടിക്കു മറുപടിയായി യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളെയെും പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വന്ന ഒന്നാം യു.പി.എയുടെ കാലത്ത് ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍ രണ്ടാം യുപിഎയുടെ കാലത്ത് അതുണ്ടായില്ലെന്നും ഇടതുപക്ഷത്തിന്റെ പ്രസക്തിയാണിത് കാണിക്കുന്നതെന്നും യെച്ചൂരി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."