അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാര്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്: 50,5000 രൂപ പിഴയുമടക്കണം
കോഴിക്കോട്: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി പൊയില്‍കാവിലെ പി.കെ.ബീനയെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ചുലക്ഷത്തി അയ്യായിരം രൂപ പിഴയും ചുമത്തി. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് വിധി. 2013 ഒക്ടോബര്‍ 22ന് ഇവരുടെ പേരില്‍ ഒരു കോടിയോളം രൂപ വിലവരുന്ന വീട് രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് ബീനയ്‌ക്കെതിരെ വിജിലന്‍സ് കേസുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ഫെബ്രുവരി 21ന് ആയിരുന്നു . ആധാരം രജിസ്ട്രര്‍ ചെയ്യാന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ബീനയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ചേവായൂര്‍ സ്വദേശിയും ആധാരം എഴുത്തുകാരനുമായ ഭാസ്‌കരന്‍ നായരുടെ പരാതിയിലായിരുന്നു നടപടി.
മൂന്ന് തവണ രജിസ്‌ട്രേഷനായി സമീപിച്ചെങ്കിലും വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭാസ്‌കരന്‍ നായര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം അടയാളപ്പെടുത്തിയ ആയിരത്തിന്റെ നോട്ടുകള്‍ രജിസ്ട്രാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓഫീസില്‍ പണം ഒളിപ്പിക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്നുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."