ദേശീയ യൂത്ത് മീറ്റ് ആദ്യ ദിനം കേരളത്തിന് നിരാശ
ഹൈദരാബാദ്: പതിനാലാമത് ദേശീയ യൂത്ത് മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് നിരാശ മാത്രം. ആദ്യ ദിനം നടന്ന 10 ഫൈനലുകളില്‍ ഒരു വെള്ളി മാത്രമാണ് കേരളത്തിന് ലഭിച്ചത്. ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ കെ.എസ് അനന്ദുവാണ് 2.02 മീറ്റര്‍ ചാടി വെള്ളി നേടി കേരളത്തിന് ആശ്വാസമായത്.
ഹരിയാനയുടെ ഗുര്‍ജിത് സിങ് (2.04 മീ.) സ്വര്‍ണവും ഒഡിഷയുടെ സ്വാധിന്‍ കുമാര്‍ മാജി, ഹരിയാനയുടെ രവികുമാര്‍ എന്നിവര്‍ 1.96 മീറ്റര്‍ ചാടി വെങ്കലവും നേടി. മറ്റൊരു മലയാളി താരമായ സി.ആര് അനന്ദു അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. അതേസമയം ഏറെ പ്രതീക്ഷയര്‍പ്പിച്ച ഇനങ്ങളിലൊന്നും കേരളത്തിന് മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല. ദീര്‍ഘ ദൂരത്തിലും സ്പ്രിന്റിലും കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ആദ്യ ദിനം ഹരിയാന മുന്നില്‍.
മീറ്റിലെ വേഗതയേറിയ താരങ്ങളായി ആണ്‍കുട്ടികളില്‍ ഹരിയാനയുടെ ഗുരിന്ദര്‍വിര്‍ സിങും പെണ്‍കുട്ടികളില്‍ ബംഗാളിന്റെ രാജശ്രീ പ്രസാദും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദിനം രണ്ട് റെക്കോര്‍ഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഹിമാചലിന്റെ സീമയും ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഹരിയാനയുടെ ഗുരിന്ദര്‍വിര്‍ സിങുമാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഗുരിന്ദര്‍വിര്‍ സിങ് 10.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ബംഗാളിന്റെ രാജശ്രീ പ്രസാദ് 12.33 സെക്കന്‍ഡിലാണ് സുവര്‍ണ താരമായത്.
3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി സ്ഥാപിച്ച 10.00.22 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് സീമ തകര്‍ത്തത്. ഒന്‍പത് മിനുട്ടും 56.25 സെക്കന്‍ഡുമാണ് പുതിയ റെക്കോര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."