നായക മികവില്‍ ഗുജറാത്തിന് രണ്ടാം ജയം
കൊല്‍ക്കത്ത: ഇടയ്ക്ക് മഴ പെയ്ത് കളി തടസപ്പെട്ടെങ്കിലും ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ വിജയം തടയാന്‍ മാത്രം ശക്തി അതിനില്ലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് കണ്ടെത്തി.
മറുപടി പറഞ്ഞ ഗുജറാത്ത് 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെത്തു വിജയം പിടിച്ചു. നായകന്‍ സുരേഷ് റെയ്‌നയുടെ മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് ഗുജറാത്തിന്റെ ജയം. റെയ്‌ന 45 പന്തില്‍ നാല് സിക്‌സും ഒന്‍പതു ഫോറുമടക്കം 84 റണ്‍സ് വാരി. റെയ്‌നയെ കുല്‍ദീപിന്റെ പന്തില്‍ മനീഷ് പാണ്ഡെ സുന്ദരന്‍ ക്യാചിലൂടെ പുറത്താക്കി. 13 പന്തില്‍ 19 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.
ഗുജറാത്തിനായി ഓപണര്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 31 റണ്‍സും മെക്കല്ലം 17 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 33 റണ്‍സും കണ്ടെത്തി. ദിനേശ് കാര്‍ത്തിക് (മൂന്ന്), ഇഷാന്‍ കിഷന്‍ (നാല്), ഡ്വെയ്ന്‍ സ്മിത്ത് (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി.
കൊല്‍ക്കത്തന്‍ നിരയില്‍ കോള്‍ടര്‍ നെയ്ല്‍, കുല്‍ദീപ് എന്നിവര്‍ രണ്ടും ക്രിസ് വോക്‌സ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിന്നല്‍ തുടക്കമിട്ട ഓപണര്‍ സുനില്‍ നരെയ്‌നും അര്‍ധ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയുടേയും ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്.
ഓപണറായി ഇറങ്ങിയ നരെയ്ന്‍ 17 പന്തില്‍ അടിച്ചെടുത്തത് 42 റണ്‍സ്. ഒന്‍പത് ഫോറും ഒരു സിക്‌സും വിന്‍ഡീസ് സ്പിന്നര്‍ പറത്തി.
പിന്നീടെത്തിയ ഉത്തപ്പ 48 പന്തില്‍ 72 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ രണ്ടാം അര്‍ധ ശതകം പിന്നിട്ടു. എട്ട് ഫോറും രണ്ട് സിക്‌സും ഉത്തപ്പ നേടി. നായകന്‍ ഗംഭീര്‍ 33 റണ്‍സെടുത്തു.
മനീഷ് പാണ്ഡെ 24 റണ്‍സെടുത്ത് പുറത്തായി. യൂസുഫ് പത്താന്‍ നാല് പന്തില്‍ 11 റണ്‍സുമായും സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ബംഗ്ലാ ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.
ഗുജറാത്തിനായി പ്രവീണ്‍ കുമാര്‍, ഫോക്‌നര്‍, ബേസില്‍ തമ്പി, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."