വന്യമൃഗങ്ങള്‍ക്ക് മരണ കുരുക്കൊരുക്കി വേട്ടക്കാര്‍: കണ്ണടച്ചിരുന്ന് വനപാലകര്‍
വടക്കാഞ്ചേരി : വന്യമൃഗങ്ങള്‍ക്ക് മരണ കുരുക്കൊരുക്കി വേട്ടക്കാര്‍ നാടു മുഴുവന്‍ വിഹരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് വനപാലകര്‍.
നാടിറങ്ങുന്ന മാനുകളും പന്നികളുമൊക്കെ ഇപ്പോഴും കൂട്ടത്തോടെ മാഫിയകളൊരുക്കുന്ന കെണിയില്‍ അകപ്പെടുമ്പോള്‍ കാട്ടി റച്ചി നാട്ടില്‍ സുലഭം.
വനപാലകര്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും ചെറുവിരലനക്കുന്നില്ല.
വേട്ടക്കാരില്‍ നിന്നും ഇറച്ചിയും പണവും സമ്മാനമായി കൈപറ്റുന്ന ഉദ്യോഗസ്ഥരും കുറവല്ലെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി കെണി ഒരുക്കുന്നവര്‍ സൃഷ്ടിയ്ക്കുന്ന ദുരന്തവും ഭീതിയും വനമേഖലയിലെ കര്‍ഷകര്‍ക്കിന്ന് പേടി സ്വപ്നമാണ്.
മാനും പന്നിയുമൊക്കെ കാടിറങ്ങുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഇവിടെ കേബിള്‍ കൊണ്ടു കുരുക്കുണ്ടാക്കി ഇവയെ കെണിയില്‍ പെടുത്തുന്ന രീതിയാണു ഇപ്പോഴും ഭൂരിഭാഗം വേട്ടക്കാരും സ്വീകരിക്കുന്നത്.
ചേലക്കര എളനാട് വെള്ളടിയില്‍ ഇത്തരത്തില്‍ കെണിയില്‍ കുരുങ്ങി ചത്ത പുള്ളിമാനിനെ ഇന്നലെ കാലത്തു കണ്ടെത്തി. എളനാട് വെള്ളടി വേലംകോട് പാതയോരത്താണ് മാനിന്റെ ജഢം കണ്ടത്. തൊട്ടടുത്ത വനമേഖലയില്‍ സ്ഥാപിച്ച കുരുക്കാണ് മാനിന്റെ ജീവന്‍ കവര്‍ന്നത്.
കമ്പി കുരുക്ക് പൊട്ടിച്ച് പ്രാണരക്ഷാര്‍ത്ഥം ഓടിയ മാന്‍ റോഡിന് സമീപമുള്ള വീടിന്റെ കമ്പിവേലി എടുത്തു ചാടുന്നതിനിടെ കുരുക്ക് കമ്പി വേലിയില്‍ കുടുങ്ങുകയും ചാവുകയുമായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."