പുതിയ അധ്യയന വര്‍ഷത്തിലും വിദ്യാര്‍ഥികളുടെ ദുരിതത്തിനറുതിയില്ല
ഒലവക്കോട്: പുതിയ അധ്യയന വര്‍ഷമാരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴും വിദ്യാര്‍ഥികളുടെ ദുരിതത്തിനറുതിയായില്ല. അധ്യയന വര്‍ഷമാരംഭിക്കും മുമ്പ് തന്നെ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്.
ഓട്ടോറിക്ഷാ, ഓംനി വാന്‍ ഉള്‍പ്പടെയുള്ള മിക്ക സ്‌കൂള്‍ വാഹനങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കുട്ടികളെ നിറച്ചാണ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ അമിതമായി വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നത് അപകട സാധ്യതയേറെയുണ്ടെന്നിരിക്കെ പലരും അറിഞ്ഞില്ലെന്ന മട്ടാണ്.
സ്‌കൂളുകള്‍ തുറക്കുന്നതിനു മുമ്പെ മിക്ക സ്‌കൂള്‍ വാഹനങ്ങളുടെയും കാര്യക്ഷമതാ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തിയിരുന്നു. സ്‌കൂളുകളുടെ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കു പുറമെ മറ്റു സ്വകാര്യ വാഹനങ്ങളും പരിശോധന നടത്തിയിരുന്നു.
നാട്ടിന്‍പുറങ്ങളിലൂടെ സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍ ഓട്ടോകളില്‍ പിന്‍ സീറ്റിലും മുന്‍സീറ്റിലുമുള്ള കുട്ടികള്‍ക്കുപുറമെ സീറ്റിന് പുറികിലുമൊക്കെ ഇരുത്തിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. ഓരോ കുട്ടികളില്‍ നിന്നും 400 രൂപ മുതല്‍ 600 രൂപ വരെയൊക്കെ പ്രതിമാസം ഓട്ടോചാര്‍ജ്ജായി വാങ്ങുമ്പോഴും യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നത്.
സ്‌കൂളുകള്‍ വിടുന്നതിനു മുമ്പെ തന്നെ സ്‌കൂള്‍ പരിസരങ്ങള്‍ കുട്ടികളെ കൊണ്ടുപോവാനുള്ള വാഹനങ്ങളുടെ തിരക്കായിരിക്കും. പരിശോധന കഴിഞ്ഞ ശേഷം മോട്ടോര്‍ വാഹന വകുപ്പ് പതിച്ച സ്റ്റിക്കറുകള്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവാനുപയോഗിക്കുവെന്നു പറഞ്ഞിരുന്നതെങ്കിലും മിക്ക വാഹനങ്ങളിലും ഇത്തരം സ്റ്റിക്കറുകളില്ലെന്നതാണു സത്യം.
സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചുരുങ്ങിയത് പത്തുവര്‍ഷത്തെ പരിചയമെങ്കിലും വേണമെന്നിരിക്കെ മിക്ക ചെറിയ വാഹനങ്ങളിലും കുട്ടി ഡ്രൈവര്‍മാരാണ്. വലിയ വാഹനങ്ങളിലാകട്ടെ സ്പീഡ് ഗവര്‍ണറുകളോ കുട്ടികളെ നിയന്ത്രിക്കാന്‍ ഓരോ ഡോറിലും അറ്റന്‍ഡറും വേണമെന്നതും പലയിടത്തും പാലിക്കാറില്ല.
കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് പരമാവധി 40 കി.മി. വേഗതയേ ഉണ്ടാകുമെന്നിരിക്കെ മിക്ക വാഹനങ്ങളും അമിത വേഗതയിലാണ് പോകുന്നത്. മാത്രമല്ല അടിയന്തിര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഡ്രൈവര്‍മാര്‍ പ്രാപ്തനായിരിക്കണമെന്നും ഇതിനാവശ്യമായ സാമഗ്രികള്‍ വാഹനങ്ങളില്‍ വേണമെന്നതുമൊക്കെ പേരിലൊതുങ്ങുകയാണ്. നഗരപരിധിയിലുള്ള സ്‌കൂളുകള്‍ വിടുമ്പോള്‍ കുട്ടികളുടെ തിരക്കു വാഹനങ്ങളുടെ തിരക്കും കൂടിയാവുമ്പോള്‍ സ്‌കൂള്‍ വാഹനങ്ങളില്‍ പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റോഡു മുറിച്ചു കടക്കാനും മറ്റും ഏറെ ദുരിതമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."