കാണ്ഡഹാര്‍ വിമാനറാഞ്ചല്‍: പ്രതിയുടെ ഹരജി പരിഗണിക്കാമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി സമ്മതിച്ചു.
സംഭവത്തില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂന്നു പ്രതികളിലൊരാളും ഗൂഢാലോചനയില്‍ പങ്കാളിയുമായ അബ്ദുല്‍ ലത്തീഫ് ആദം മുഅ്മിന്റെ ഹരജി പരിഗണിക്കാമെന്നാണ് കോടതി അംഗീകരിച്ചത്.
ജസ്റ്റിസ് ചന്ദ്രഘോഷ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അബ്ദുല്‍ ലത്തീഫിന് പരോള്‍ അനുവദിച്ചിട്ടുണ്ട്. ഹരജി ജൂലൈയില്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
1999 ഡിസംബര്‍ 24ന് 179 യാത്രക്കാരുമായി കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന ഐ.സി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് റാഞ്ചിയ സംഭവത്തില്‍ പങ്കുള്ള മൂന്നുപേര്‍ക്ക് 2008ല്‍ പഞ്ചാബ്, ഹരിയാനാ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു.
അബ്ദുല്‍ ലത്തീഫ്, യൂസുഫ് നേപ്പാളി, ദലീപ് ഭുജാലി എന്നിവര്‍ക്കാണ് ഐ.പി.സി വിമാനറാഞ്ചല്‍ വിരുദ്ധ നിയമത്തിനു കീഴില്‍ ശിക്ഷ വിധിച്ചത്. ഇതില്‍ അബ്ദുല്‍ ലത്തീഫിനു വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
അഞ്ചുപേര്‍ ചേര്‍ന്നാണ് വിമാനം റാഞ്ചി കാണ്ഡഹാര്‍ വിമാനത്താവളത്തിലിറക്കിയത്. ഒരാഴ്ചക്കാലം ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ യാത്രക്കാരെ വിട്ടുനല്‍കുകയായിരുന്നു.
ഇതിനു പകരമായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അടക്കമുള്ള ഇന്ത്യന്‍ ജയിലുകളിലുണ്ടായിരുന്ന മൂന്നു വന്‍ ഭീകരരെ ഇന്ത്യ വിട്ടുനല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."