യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു
ലഖ്‌നൗ: യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നത് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള 'ഔദ്യോഗിക' തത്വമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പായി സാധാരണ നടന്നുവരാറുള്ള യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ 'സെമിഫൈനല്‍' ആയാണ് വിലയിരുത്തപ്പെടാറുള്ളത്. ഇക്കുറി ബി.ജെ.പി നാലില്‍ മൂന്നു സീറ്റുകള്‍ നേടി അധികാരത്തിലേറിയതിനാല്‍ 'സെമി'യില്‍ എതിരാളികളെ നിഷ്പ്രഭമാക്കുകയാണ് ബി.ജെ.പി ചെയ്തത്. പലപ്പോഴായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.പി, ബി.എസ്.പി എന്നിങ്ങനെ നാലു കക്ഷികള്‍ അണിനിരന്ന ചതുഷ്‌കോണമത്സരം നടന്ന 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും രാഷ്ട്രീയ കാലാവസ്ഥയല്ല യു.പിയില്‍ ഇപ്പോഴത്തേത്.
2014 അല്ല 2019
സംസ്ഥാനത്ത് ആകെ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതില്‍ 73ലും എന്‍.ഡി.എ വിജയിച്ചു. ബി.ജെ.പിക്ക് 71ഉം അപ്നാദളിന് രണ്ടും. യു.പിയിലെ ഈ നേട്ടം കാരണം 272 എന്ന കേവലഭൂരിപക്ഷ സംഖ്യ തനിച്ചു മറികടക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. എന്നാല്‍, 2014ലെ കാലാവസ്ഥയല്ല 2019ല്‍. സംസ്ഥാനത്തെ രണ്ട് പ്രബലകക്ഷികളായ ബി.എസ്.പിയും എസ്.പിയും ഉള്‍പ്പെട്ട മഹാസഖ്യത്തെയാണ് ബി.ജെ.പി നേരിടേണ്ടത്. ആര്‍.എല്‍.ഡിയും കൂടെയുണ്ട്. 2014ല്‍ ബി.എസ്.പിക്ക് 22.35ഉം എസ്.പിക്ക് 19.77ഉം ആര്‍.എല്‍.ഡിക്ക് 0.8 ശതമാനവും വോട്ട് വിഹിതം ലഭിച്ചു. സംസ്ഥാനത്ത് ആഴത്തില്‍ വേരുള്ള പാര്‍ട്ടിയാണ് ബി.എസ്.പി ഇതിനൊപ്പം എസ്.പിയുടെയും ആര്‍.എല്‍.ഡിയുടെയും വോട്ട് വിഹിതം കൂടി കൂട്ടിയാല്‍ 42.98 ശതമാനമായി. ഇതാവട്ടെ ബി.ജെ.പിക്ക് ലഭിച്ച 42.6 ശതമാനത്തില്‍ അല്‍പ്പം കൂടുതലാണ്. ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദളിന് ഒരുശതമാനവും വോട്ട് പങ്കാളിത്തം ലഭിക്കുകയുണ്ടായി. മഹാസഖ്യത്തോടൊപ്പമില്ലാതെ സ്വന്തം നിലക്കു മത്സരിക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞതവണ 7.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
വോട്ട് പങ്കാളിത്തത്തില്‍
ബി.ജെ.പി പിന്നില്‍
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനു ലഭിച്ച ആകെ വോട്ട് വിഹിതം 46 ശതമാനമാണ്. നാലില്‍ മൂന്നു സീറ്റുകള്‍ ലഭിച്ചെങ്കിലും ബി.ജെ.പിക്ക് 41.4 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതിനാലാണ് 41.4 ശതമാനം വോട്ടുകള്‍ ലഭിച്ച ബി.ജെ.പിക്ക് നാലില്‍ മൂന്നു സീറ്റുകള്‍ ലഭിക്കാന്‍ കാരണമായത്. 2014ല്‍ നിന്ന് വ്യത്യസ്തമായി എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഇക്കുറി ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറില്ല. ഇതാണ് ബി.ജെ.പിക്ക് മുന്‍പിലുള്ള ഏറ്റവും വലിയ ഭീഷണി.
കോണ്‍ഗ്രസിന്റെ ദ്വിമുഖതന്ത്രം
മഹാസഖ്യത്തോടൊപ്പം കോണ്‍ഗ്രസ് ഇല്ലാത്തതും ബി.ജെ.പിക്ക് നഷ്ടം തന്നെ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 23 ശതമാനത്തോളം മുന്നാക്ക ജാതിക്കാരാണ്. ഇവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കുമായി തുല്യമായി വിഭജിക്കപ്പെടാറാണ് പതിവ്. ഈ വിഭാഗത്തിന്റെ വോട്ട് പക്ഷേ ബി.എസ്.പി-എസ്.പി പാര്‍ട്ടികളിലേക്ക് പോവാറില്ല. അതിനാല്‍ ബി.എസ്.പിയുമായും എസ്.പിയുമായും സഖ്യംചേര്‍ന്നു മത്സരിച്ചപ്പോഴെല്ലാം കോണ്‍ഗ്രസിന് നഷ്ടമേയുണ്ടായിട്ടുള്ളൂ.
ഈ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരായ മുന്നാക്ക ജാതിക്കാരുടെ വോട്ടുകള്‍ മണ്ഡലത്തിലെ ബി.ജെ.പിക്കായിരിക്കും പോവുകയെന്ന് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യത്തോടൊപ്പം കോണ്‍ഗ്രസ് ചേരാത്തതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
അതിനാല്‍ ബി.ജെ.പി മുന്നാക്ക ജാതിക്കാരെ സ്ഥാനാര്‍ഥികളാക്കുന്ന മണ്ഡലത്തില്‍ അതേ ജാതിയില്‍പ്പെട്ടയാളുകളെ നിര്‍ത്തി മുന്നാക്ക വിഭാഗത്തിന്റെ വോട്ടുകള്‍ പിളര്‍ത്തുകയെന്നതാവും കോണ്‍ഗ്രസ് തന്ത്രം. ഇത് ഏറ്റവും തിരിച്ചടിയാവുക ബി.ജെ.പിക്കായിരിക്കും. ഇതിനകം തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലും ഈ ജാതി സമവാക്യം വ്യക്തമാണ്.
ജാതി സമവാക്യം
ഉത്തരേന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ വോട്ടിങ്ങില്‍ ജാതിഘടകം യു.പിയിലും പ്രകടമാണ്. 21 ശതമാനമുള്ള ദലിത് വോട്ടുകള്‍ ആണ് പ്രധാനമായും ബി.എസ്.പിയുടെ കരുത്ത്. ഒന്‍പത് ശതമാനം വരുന്ന യാദവരാണ് എസ്.പിയുടെ ശക്തി. 19 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകള്‍ എസ്.പി-ബി.എസ്.പി പാര്‍ട്ടികളില്‍ വിഭജിക്കപ്പെടുകയും ചെയ്യും. 31 ശതമാനത്തോളം വരുന്ന യാദവ ഇതര ഒ.ബി.സി വിഭാഗങ്ങളിലാണ് ബി.ജെ.പിയുടെ കണ്ണ്.
കര്‍ഷക, മുന്നാക്ക ജാതി വിഭാഗങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മുസ്‌ലിംകളും ജാട്ടുകളും കൂടുതലുള്ള പടിഞ്ഞാറന്‍ യു.പിയെ അപേക്ഷിച്ച് കിഴക്കന്‍ യു.പിയിലാണ് കോണ്‍ഗ്രസിന് സ്വാധീനം കൂടുതല്‍. ഇവിടെ 10 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. ഇവിടെ 35 ലോക്‌സഭാ സീറ്റുകളാണുള്ളത്. പ്രിയങ്കാഗാന്ധി കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതു മുതല്‍ ഈ മേഖലയില്‍ പാര്‍ട്ടി ഊര്‍ജ്ജം വീണ്ടെടുത്തത് കോണ്‍ഗ്രസിന് ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."