24 മണിക്കൂർ കൊണ്ട് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ അയച്ചു കെഎംസിസി
ദമാം: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ യാത്രാ പ്രതിസന്ധി നേരിട്ട കിഴക്കൻ പ്രവിശ്യയിലെ നിരവധി പ്രവാസികൾക്ക് കെഎംസിസി ചാർട്ടർ ചെയ്ത വിമാനങ്ങൾ ആശ്വാസമായി. 24 മണിക്കൂറിനിടെ മൂന്ന് വിമാനങ്ങളാണ് കിഴക്കൻ പ്രവിശ്യ കമ്മിറ്റിയും മലപ്പുറം ജില്ലാ കെഎംസിസി യും ദമാം സെൻട്രൽ കമ്മിറ്റിയും നാട്ടിലേക്കയച്ചത്.
വ്യാഴം രാവിലെ മുതൽ വെള്ളി പുലർച്ചെ വരെ 24 മണിക്കൂർ കൊണ്ട് ദമാം കിങ് ഫഹദ് ഇൻറർനാഷണൽ എയർപോർട്ട് നിന്നും രണ്ട് സഊദി ജംബോ ജെറ്റ് വിമാനത്തിലും ഒരു സ്പൈസ് ജെറ്റ് വിമാനത്തിലുമായി സ്ത്രീകളും കുട്ടികളുമടക്കം എഴുനൂറോളം പേരാണ് നാട്ടിലെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളുടെ ആശങ്കകൾക്ക് വിരാമമിട്ട് കെഎംസിസി നൽകിയ പിപി ഇ കിറ്റുകൾ ധരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് യാത്രക്കാർ യാത്ര തിരിച്ചതെന്ന് പ്രവിശ്യാ കെഎംസിസി കമ്മിറ്റിയുടെ ഭാരവാഹികളായ മുഹമ്മദ് കുട്ടി കോടൂർ,ആലിക്കുട്ടി ഒളവട്ടൂർ, അബ്ദുൽ ഖാദർ മാസ്റ്റർ വാണിയമ്പലം, മാമു നിസാർ എന്നിവർ അറിയിച്ചു.
യാത്രക്കാർക്ക് കെഎംസിസിയുടെ ആശംസകൾ നേരാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാദർ ചെങ്കള യുടെ നേതൃത്വത്തിൽ പ്രവിശ്യാ, സെൻട്രൽ,ജില്ലാ, കെഎംസിസി നേതാക്കൾ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. രോഗികളും വൃദ്ധരും ഗർഭിണികളും ജോലി നഷ്ടമായ വരുമടക്കം മുൻഗണനാ ക്രമത്തിൽ വരുന്നവരെയാണ് പ്രത്യേകം തെരഞ്ഞെടുത്ത് ഈ വിമാനങ്ങളിൽ യാത്ര അയച്ചതെന്നും ഇനിയും നാട്ടിലെത്താൻ സാധിക്കാത്തവർക്ക് വേണ്ടി കൂടുതൽ വിമാനസർവീസുകൾ വിവിധ കെഎംസിസി ഘടകങ്ങൾ മുഖേന ഇനിയും സംഘടിപ്പിക്കുമെന്നും കെഎംസിസി നേതാക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."