തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ മുല്ലപ്പെരിയാര്‍ തന്നെ മുഖ്യവിഷയം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചര്‍ച്ചയല്ലെങ്കിലും തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് മുല്ലപ്പെരിയാര്‍ തന്നെ. ഒരുകാലത്ത് കേരളത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ മുല്ലപ്പെരിയാര്‍ വിഷയം ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ പോലും ചര്‍ച്ചയാകാത്തപ്പോഴാണ് അതിര്‍ത്തിയിലെ തേനി മണ്ഡലം മുല്ലപ്പെരിയാറില്‍ മുങ്ങുന്നത്. ആറ് മാവട്ടങ്ങളില്‍ (ജില്ലകളില്‍) വെള്ളമെത്തിക്കുന്ന മുല്ലപ്പെരിയാര്‍ തമിഴ് മാനിലത്തിന് (സംസ്ഥാനത്തിന്) എപ്പോഴും പ്രിയപ്പെട്ട വിഷയമാണ്.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥാണ് ഇവിടെ അണ്ണാ ഡി.എം.കെ - ബി.ജെ.പി മുന്നണി സ്ഥാനാര്‍ഥി. ഈ കൂട്ടുകെട്ടിനെ നേരിടാന്‍ ഡി.എം.കെ കളത്തിലിറക്കിയത് സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റ് ഈറോഡ് വെങ്കെട്ട കൃഷ്ണസ്വാമി സമ്പത്ത് ഇളങ്കോവന്‍ എന്ന ഇ.വി.കെ.എസ് ഇളങ്കോവനെ. പെരിയകുളം മുന്‍ എം.പി അമ്മാ മുന്നേറ്റ കഴകം നേതാവ് തങ്കത്തമിഴ് സെല്‍വനും കൂടിയെത്തിയതോടെ തേനിയില്‍ പോരാട്ടം തീപാറുന്നതായി.
അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ഇക്കുറി ആദ്യം പ്രഖ്യാപിച്ചത്. തേനി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ഇത് ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ജലനിരപ്പ് 142 ല്‍ നിന്നും 152 അടിയാക്കി ഉയര്‍ത്തുമെന്ന് സ്ഥാനാര്‍ഥികളെല്ലാം ആണയിടുന്നു. തേനി ജില്ലയിലെ പെരിയകുളം, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂര്‍, കമ്പം നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം മധുര ജില്ലയിലെ ഉശിലംപ്പെട്ടി, ചോഴവന്താന്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് തേനി ലോക്‌സഭാ മണ്ഡലം. 12.85 ലക്ഷം വോട്ടര്‍മാരാണ് മണ്ഡത്തിലുള്ളത്. സിറ്റിങ് എം.പി അണ്ണാഡി.എം.കെയിലെ പാര്‍ത്ഥിപനെ ഒഴിവാക്കിയാണ് ഇക്കുറി ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥിന് സീറ്റ് നല്‍കിയത്. അണ്ണാ ഡി.എം.കെയില്‍ നിന്നു പിരിഞ്ഞുപോയ ടി.ടി.വി ദിനകരന്‍ ഗ്രൂപ്പിന്റെ അമ്മാ മുന്നേറ്റ കഴകം സ്ഥാനാര്‍ഥിയായ തങ്കത്തമിഴ് സെല്‍വന്‍ മുമ്പ് പെരിയകുളം എം.പിയായിരുന്നു. പിന്നീട് ആണ്ടിപ്പെട്ടി എം.എല്‍.എ ആയിരിക്കുമ്പോള്‍ ടി.ടി.വി ദിനകരന്‍ ഗ്രൂപ്പിലെത്തിയതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എല്‍.എ സ്ഥാനം നഷ്ടമാവുകയായിരുന്നു. തങ്കത്തമിഴ് സെല്‍വന്‍ നേരത്തെ രാജ്യസഭാംഗമായിരുന്നപ്പോള്‍ മുല്ലപ്പെരിയാറിന് വേണ്ടി സഭയ്ക്കുള്ളിലും പുറത്തും നിരന്തരം വാദിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തേനിയിലെ 6 നിയമസഭാ മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചതിന്റെ പിന്‍ബലത്തിലാണ് അണ്ണാ ഡി.എം.കെ യുടെ പോരാട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കൂറുമാറ്റത്തിലൂടെ എം.എല്‍.എ മാരെ നഷ്ടമായ ആണ്ടിപ്പെട്ടി, പെരിയകുളം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നതിനാല്‍ തേനിയിലെ പോരാട്ടം കൂടുതല്‍ വാശിയേറിയതായി. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം എപ്പോഴും ഊതിക്കത്തിച്ചുകൊണ്ടിരുന്ന തീപ്പൊരി നേതാവ് വൈ. ഗോപാല സ്വാമി എന്ന വൈക്കോയ്ക്ക് ഇപ്പോള്‍ കാര്യമായ മിണ്ടാട്ടമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."