തൊഴിലുറപ്പ് പദ്ധതിയെ മോദി ഞെക്കിക്കൊല്ലുന്നു
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളുടെ കൂലി കുറഞ്ഞ കൂലിയിലും താഴെയായി. പദ്ധതി നടപ്പാക്കിയ 35 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നാഗാലാന്റ് ഒഴികെയുള്ള 34 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ് കുറഞ്ഞ കൂലിക്കും താഴെയായിരിക്കുന്നത്. 2009ല്‍ യു.പി.എ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നതിന് ശേഷം ആദ്യമായാണിത്.
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ശരാശരി പ്രതിവര്‍ഷ കൂലി വര്‍ധന 2.16 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ കുറഞ്ഞ കൂലിവര്‍ധന നിശ്ചയിക്കുന്നത്. പദ്ധതി ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ശ്രമം നടത്തിവരികയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറച്ചതാണ് പദ്ധതിയുടെ തകര്‍ച്ചക്കിടയാക്കിയത്. കഴിഞ്ഞ ബജറ്റില്‍ 60,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് ആകെ 61,084 കോടി രൂപ വേണം.
ഓരോ സംസ്ഥാനങ്ങളും നല്‍കുന്ന കുറഞ്ഞ കൂലി സംബന്ധിച്ച വിവരം കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഇ.ജി.എ സംഘര്‍ഷ് സമിതി തയാറാക്കിയ രേഖയില്‍ ഗോവ, ഗുജറാത്ത്, ത്രിപുര, തെലങ്കാന, സിക്കിം, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂലി കുറവ്. കുറഞ്ഞകൂലിയുടെ 70 ശതമാനത്തില്‍ താഴെയാണ് ഈ സംസ്ഥാനങ്ങളില്‍ കൂലി.
കുറഞ്ഞ കൂലി പ്രതിദിനം 409 രൂപയുള്ള ഗോവ നല്‍കുന്നത് 254 രൂപയാണ്. 239 രൂപ കുറഞ്ഞകൂലിയുള്ള ജാര്‍ഖണ്ഡും 246 രൂപയുള്ള ബിഹാറും നല്‍കുന്നത് 171 രൂപ മാത്രം. കാര്‍ഷികത്തൊഴിലുകള്‍ക്കുള്ള കുറഞ്ഞ കൂലി കണക്കാക്കിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ കൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കേരളം, ഗോവ, ഹരിയാന, മിസോറം എന്നിവിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കാര്‍ഷിക ജോലിയുടെ കൂലിയെക്കാള്‍ താഴെയാണ്.
2015ല്‍ ഗ്രാമീണ വികസനമന്ത്രാലയം നിയോഗിച്ച മഹേന്ദ്രദേവ് കമ്മിഷന്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി അല്ലെങ്കില്‍ പദ്ധതി പ്രകാരമുള്ള കുറഞ്ഞ കൂലി എന്നിവയില്‍ ഏതാണോ വലുത് അത് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചില്ല. നിലവില്‍ തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക 7,568 കോടിയിലധികമായി ഉയര്‍ന്നിട്ടുണ്ട്.
നൈപുണ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഗ്രാമങ്ങളില്‍ പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുതാണ് പദ്ധതി. കൃഷിനാശമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ ഉണ്ടായ സ്ഥലങ്ങളില്‍ ഇത് 150 ദിവസമായി ഉയര്‍ത്തും. 2014-15, 2015-16 വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടായിട്ടും പദ്ധതിയില്‍ കൂടുതല്‍ ഇളവിന് മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."