HOME
DETAILS
MAL
മസ്റ്ററിങ്ങിന് വീണ്ടും അവസരം: ഗുണം നാല് ലക്ഷത്തിലധികം പേര്‍ക്ക്
backup
June 27 2020 | 03:06 AM
ആലപ്പുഴ: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍കാര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരിക്കല്‍ കൂടി മസ്റ്ററിങ് നടത്താന്‍ സര്‍ക്കാര്‍ അവസരം നല്‍കിയതോടെ നാല് ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ആനൂകൂല്യം പുനഃസ്ഥാപിക്കാന്‍ കഴിയും.
മസ്റ്ററിങ് നടത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. മസ്റ്ററിങ് നടത്താതിരുന്നതിനാല്‍ സംസ്ഥാനത്തെ 4.90 ലക്ഷം പേരില്‍ വലിയൊരു വിഭാഗം അര്‍ഹരായവര്‍ക്ക് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാതെ പോയത് 'സുപ്രഭാതം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലോക്ക് ഡൗണിന് ശേഷം ഒരിക്കല്‍ കൂടി പെന്‍ഷന്‍ ആനൂകൂല്യത്തിന് അര്‍ഹരായവര്‍ക്ക് അവസരം നല്‍കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ഇവര്‍ക്ക് മസ്റ്ററിങിന് ശേഷം ലഭ്യമാക്കുമെന്നും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അനര്‍ഹരായ നിരവധിപേര്‍ സാമുഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മസ്റ്ററിങ് ഏര്‍പ്പെടുത്തിയത്. 2019 നവംബര്‍ 11 മുതല്‍ 2020 ഫെബ്രുവരി 15 വരെയാണ് മസ്റ്ററിങിന് അവസരം നല്‍കിയത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 4,01,875 പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവരില്‍ 88,504 പേരും ഈ കാലയളവില്‍ മസ്റ്ററിങ് ചെയ്തിരുന്നില്ല. പെന്‍ഷന്‍ വാങ്ങുന്ന 47,47,996 പേരില്‍ അനര്‍ഹരെ കണ്ടെത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഒരവസരം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും ലോക്ക് ഡൗണും വന്നതോടെ നടക്കാതെ പോയി. ഇതുവഴി മസ്റ്ററിങ് നടത്താത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയുടെ സാമ്പത്തിക സഹായവും പെന്‍ഷന്‍ കുടിശ്ശികയും ലഭിച്ചിരുന്നില്ല.
പലരും ആനുകൂല്യത്തിന് ചെല്ലുമ്പോഴായിരുന്നു പട്ടികയില്‍ നിന്ന് പുറത്തായ വിവരം അറിഞ്ഞിരുന്നത്. ഇവര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ആശ്വാസമായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."