അധികൃതര്‍ക്ക് മൗനം: തിരൂരങ്ങാടിയില്‍ വയലുകള്‍ വ്യാപകമായി നികത്തുന്നു തിരുത്തിപാടത്ത് അനധികൃത നിര്‍മാണം തുടരുന്നു
തിരൂരങ്ങാടി: താലൂക്കില്‍ വയല്‍നികത്തി നിര്‍മാണം തകൃതിയായി നടക്കുന്നു. തിരൂരങ്ങാടി താലൂക്കിന്റെ വിവിധഭാഗങ്ങളിലാണ് അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളും വയല്‍നികത്തലും സജീവമായത്. നന്നമ്പ്ര കൊടിഞ്ഞി തിരുത്തി പീലിയത്ത് വയലില്‍ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
പീലിയത്തിനും പൂന്തിരിത്തിക്കും ഇടയിലുള്ള പോത്ത് കുണ്ട് വയലിലാണ് മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നത്. പ്രദേശത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള പോത്ത്കുണ്ട് തോട് കൈയേറിയും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. വിവരം വില്ലേജ് അധികൃതരെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു.
എന്നിട്ടും അധികൃതരുടെഭാഗത്തുനിന്നും നീക്കങ്ങള്‍ ഇല്ലാത്തതാണ് പ്രവൃത്തി പുരോഗമിക്കാന്‍ കാരണം. നന്നമ്പ്ര വില്ലേജിന്റെ വിവിധഭാഗങ്ങളില്‍ അനധികൃതമായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങലും, വയല്‍നികത്തലും നടക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധയില്‍പെട്ട നിര്‍മാണ പ്രവൃത്തികള്‍ സ്റ്റോപ്പ് മെമ്മോ നല്കി തടഞ്ഞതാണ്, പീലിയത്തെ പ്രവൃത്തി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും നന്നമ്പ്ര വില്ലേജ് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."