ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ ബഹിരാകാശ നിലയത്തിന് ഭീഷണിയെന്ന് നാസ
വാഷിങ്ടണ്‍: ഇന്ത്യ പരീക്ഷിച്ച ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ നിലയത്തിന് (ഐ.എസ്.എസ്) ഭീഷണിയെന്ന് നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ ഉപഗ്രഹം തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്തി നാല് ദിവസത്തിനകം നാസ ജീവനക്കാരെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരീക്ഷണം കാരണത്താല്‍ ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ 44 ശതമാനം വര്‍ധിച്ചു. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.
നൂറുകണക്കിനു ചെറു കഷ്ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കാന്‍ സാധിക്കില്ല. 10 സെന്റി മീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. അതിനെക്കാള്‍ ചെറിയ കഷ്ണങ്ങള്‍ ഒരു തരത്തിലും കണ്ടെടുക്കാന്‍ സാധിക്കില്ല.
ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ബഹിരാകാശത്ത് സൃഷ്ടിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ ഗുണകരമല്ല. ഇത് ഭയാനകമായ സാഹചര്യമാണ്. അസ്വീകാര്യമായ ഇത്തരം നടപടികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാസ കൂടുതല്‍ പഠനം നടത്തുമെന്നും ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."