'ഐ.എസ് ഡിഫ്തീരിയ'യും ദമ്മാജ് സലഫികളും
കോഴിക്കോട്ടെ പത്രപ്രവര്‍ത്തകസുഹൃത്തുക്കളിലൊരാള്‍ കഴിഞ്ഞദിവസം ഇങ്ങനെ പറഞ്ഞു: ''ഹെഡ് ഓഫിസില്‍നിന്നു വിളിച്ചിരുന്നു. ജനറല്‍പേജില്‍ നിര്‍ബന്ധമായും കോഴിക്കോട്ടുനിന്നുള്ള ഐ.എസ് വാര്‍ത്ത വേണമത്രെ. ഉച്ചവരെ അന്വേഷിച്ചിട്ടും എക്‌സ്‌ക്ലുസിവുകളൊന്നും കണ്ടെണ്ടത്താന്‍ കഴിഞ്ഞില്ല. ഇനി പഴയവാര്‍ത്ത ഏതെങ്കിലും പൊടിതട്ടിയെടുത്തു പുതിയൊരു ഇന്‍ഡ്രോയും നല്‍കി ഫയല്‍ ചെയ്യണം. അല്ലെങ്കില്‍ നാളെ രാവിലെ വിളിവരും. അതിനുപിന്നാലെ സ്ഥലംമാറ്റമോ പരിച്ചുവിടലോ എന്തും പ്രതീക്ഷിക്കാം.''
സുഹൃത്തിന്റെ ഈ പ്രതിസന്ധി കേവലം വൈയക്തികമല്ല. മാധ്യമലോകത്തു പിടിച്ചുനില്‍ക്കാന്‍ മത്സരിക്കുന്ന സ്ഥാപനത്തിലെ മിക്കറിപ്പോര്‍ട്ടര്‍മാരും അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയാണ്. ഒരിക്കലും സംഭവിക്കാത്ത സംഭവങ്ങളെക്കുറിച്ചും തെളിവില്ലാത്തകാര്യങ്ങളെക്കുറിച്ചും ഇല്ലാക്കഥകള്‍ നിറം ചേര്‍ത്ത് അവതരിപ്പിക്കുക. മാധ്യമ ധര്‍മത്തിനും സത്യത്തിനും നിരക്കാത്തതാണെങ്കില്‍പ്പോലും സ്‌റ്റോറി കണ്ടെണ്ടത്തി ഫയല്‍ചെയ്‌തേ മതിയാവൂ. ഡിഫ്തീരിയപോലെ പേടിക്കേണ്ട പകര്‍ച്ചവ്യാധിയാണിത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാരില്‍മാത്രം കണ്ടുതുടങ്ങിയ ഈ ഡിഫ്തീരിയ ഇപ്പോള്‍ പത്രസുഹൃത്തുക്കള്‍ക്കിടയിലേയ്ക്കും പകര്‍ന്നുതുടങ്ങിയിരിക്കുന്നു. ഇതിനൊരു കാരണവുമുണ്ട്. ആരോടും ഒരു പ്രതിബദ്ധതയും കാണിക്കാത്ത, തോന്നിയതെന്തും ആരെക്കുറിച്ചും എഴുതാന്‍ തൊലിക്കട്ടിയുള്ള, മഞ്ഞ ഓണ്‍ലൈന്‍ പതിപ്പുകളോടു മത്സരിക്കുന്നതിന്റെ ഭാഗമായാണു പത്രമാധ്യമങ്ങളും ഈ ശൈലിയിലേയ്ക്കു വലിച്ചെറിയപ്പെടുന്നത്.
ഒരു ഉദാഹരണം പറയാം. സാക്കിര്‍ നായിക്കിന്റെ ഇതുവരെ ലഭ്യമായ മതപ്രചാരണപ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ തീവ്രവാദത്തിനും രാജ്യവിരുദ്ധപ്രവര്‍ത്തനത്തിനും കാരണമാവുന്ന എന്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടണ്ടായെന്നു പറയാനാവില്ല. സാക്കിര്‍നായിക്കിന്റെ പ്രഭാഷണങ്ങള്‍ മുഴുവന്‍ നൂലിഴകീറി പരിശോധിച്ച മഹാരാഷ്ട്ര ഇന്റലിജന്‍സ് അദ്ദേഹത്തിനു ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. നായിക് ഇന്ത്യയിലെത്തിയാല്‍ അറസ്റ്റുചെയ്യാന്‍ തെളിവില്ലന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കേരളത്തില്‍ ഏതുകേട്ടുകേള്‍വിയും അപസര്‍പക കഥപോലെ പടച്ചുവിടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഒരു വാര്‍ത്തയുടെ തലവാചകം ഇങ്ങനെയാണ്: 'കാനഡയും ബ്രിട്ടനും നിരോധിച്ച ഭീകരവാദി.....ഇന്ത്യ ഒരുപോലെ ചര്‍ച്ചചെയ്യുന്ന ഈ സാക്കിര്‍ നായിക് ആരാണ്.' ഇത്തരം ഓണ്‍ലൈന്‍ തലവാചകങ്ങളോടു മത്സരിക്കാനായി കേരളത്തിലെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള പത്രവും പാരമ്പര്യമുള്ള മുത്തശ്ശി പത്രവുമെല്ലാം മത്സരിക്കുകയാണ്.
ഇനി കേരളത്തിലെ ഐ.എസ് വാര്‍ത്തകളിലേയ്ക്കു വരാം. മലയാളികളായ ചില യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടുചെയ്തതു ചില ദേശീയപത്രങ്ങളാണ്. 'ഇന്ത്യന്‍ എക്‌സ്പ്രസ്' ഒന്നാംപുറത്തു നല്‍കി. 'പയനീര്‍' വാര്‍ത്ത അകത്തായിരുന്നു. യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയമെന്ന നിലയിലാണ് 'ദ ഹിന്ദു'വിന്റെ വാര്‍ത്ത. സ്ഥിരീകരണം ലഭിക്കാത്തതുകാരണം പി.ടി.ഐ ആദ്യ ദിവസം വാര്‍ത്തനല്‍കിയില്ല. യുവാക്കള്‍ സിറിയയിലും ഇറാനിലുമെത്തിയതായി സ്ഥിരീകരിച്ചെങ്കിലും ഐ.എസില്‍ ചേര്‍ന്നതായി ഒരു ദേശീയപത്രവും ചാനലും വാര്‍ത്ത നല്‍കിയില്ല. സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന കാര്യം വാര്‍ത്തയില്‍ കൃത്യമായി പറയുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ രണ്ടണ്ടുമൂന്നുദിവസമായി കേരളത്തിലെ പത്രങ്ങളും ചാനലുകളും ഈ വാര്‍ത്ത ആഘോഷിച്ചു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ സാധ്യതയുണ്ടെണ്ടന്ന വാര്‍ത്ത പരന്നപ്പോഴുണ്ടണ്ടായ സമാനചിത്രമാണു കേരളത്തിലുണ്ടണ്ടായത്. ചാനലുകളില്‍ രാത്രി തീപാറുന്ന ഐ.എസ് ചര്‍ച്ചകള്‍. മലയാളി യുവാക്കള്‍ സിറിയയുടെ അതിര്‍ത്തിവരെയെത്തി ഭീകരവാദികളെ തൊട്ടുവെന്നുവരെ ചിലര്‍ കണ്ടണ്ടുപിടിച്ചു. തെഹ്‌റാനില്‍പ്പോയി ഐ.എസില്‍ ചേര്‍ന്നെന്നും തട്ടിവിട്ടു. ഐ.എസിന്റെ ഏറ്റവുംവലിയ ശത്രുവായ ഇറാന്റെ തലസ്ഥാനത്തെത്തി എങ്ങനെയാണ് ഐ.എസില്‍ ചേക്കേറുകയെന്ന യുക്തിയൊന്നും അവരോടു ചോദിക്കരുത്.
ഐ.എസില്‍ ചേര്‍ന്നെന്നു തെളിയിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടു ഫലമില്ലാതായപ്പോള്‍ കാണാതായവരുടെ ബന്ധുക്കളെ 'പിടികൂടി.' കേരളത്തില്‍നിന്നു താടിവച്ചു വിദേശത്തു പോയവരുടെ വീട്ടുമുറ്റത്തായി മാധ്യമപ്പട. ഐ.സി.ഐ.സി ബാങ്കില്‍പ്പോയ മാപ്പിളമാരെവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി! കാണാതായെന്നു പറയപ്പെടുന്നവര്‍ പഠിച്ച മദ്‌റസയും സ്‌കൂളും തേടി ഓട്ടമായി. അവര്‍ ധരിച്ച വസ്ത്രം, താടിയുടെ നീളം, ഭാര്യമാരുടെ വിദ്യാഭ്യാസം, അവസാനമായി അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം, ഫോണ്‍കോള്‍, ജോലിചെയ്ത സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എല്ലാം ലൈവായി സംപ്രേഷണം ചെയ്തു. കാണാതായവര്‍ ജോലി ചെയ്ത ആശുപത്രിയിലേയ്ക്കു ചിലസംഘടനകള്‍ മാര്‍ച്ച് നടത്തി ദേശക്കൂറു പ്രഖ്യാപിച്ചു.
ചില അന്തിച്ചര്‍ച്ചകളിലെ അര്‍നബ് ഗോസാമിമാരുടെ കസര്‍ത്തുകേട്ടാല്‍ തോന്നുക കേരളത്തിലെ മുസ്‌ലിംയുവാക്കളെല്ലാം ഐ.എസിലെത്തിയെന്നാണ്. വിശ്വാസികളുടെ പ്രാര്‍ഥന,പ്രവര്‍ത്തനകേന്ദ്രമായ മഹല്ലിന് ഇവരെ തിരിച്ചുകൊണ്ടണ്ടുവരാന്‍ പറ്റുമോയെന്നുപോലും ചില കോട്ടിട്ട വിദ്വാന്മാര്‍ ചോദിച്ചുകളഞ്ഞു. കൂട്ടത്തില്‍പറയേണ്ട കാര്യം, നാട്ടില്‍ താടിനീട്ടി വളര്‍ത്തുന്നവരെയും ഞെരിയാണിക്കു മീതെ തുണികയറ്റിയുടുക്കുന്നവരെയും 'നോട്ടമിട്ട് ' ഉപദേശിച്ചു നന്നാക്കണമെന്നുവരെ 'സമുദായത്തിന്റെ എഴുത്തുകാര്‍' ആഹ്വാനം ചെയ്യുന്നതുകണ്ടു. പത്രമാധ്യമങ്ങളില്‍ ഒന്നാംപേജു മുതല്‍ നിറംപിടിച്ച കഥകളായിരുന്നു. ഒരോദിവസവും ഒന്നുരണ്ടു താടിക്കാരുടെ ഫെയ്‌സ്ബുക്കില്‍നിന്നു തപ്പിയെടുത്ത ചിത്രവും വിസ്മയിപ്പിക്കുന്ന കഥകളും പരമ്പരകളും. പ്രവാചകനിന്ദയുടെ പേരില്‍ അനുഭവിച്ച നഷ്ടങ്ങളുടെ കലിതീര്‍ത്ത് 'മാതൃഭൂമി', പരസ്പരം മത്സരിച്ചു 'മംഗള'വും 'മനോരമ'യും 'ജന്മഭൂമി'യും 'ദീപിക'യും. വീട്ടില്‍നിന്ന് അറബിപുസ്തകങ്ങള്‍ കണ്ടെണ്ടത്തിയതുവരെ ഐ.എസിലേയ്ക്കുള്ള പാലമാക്കി മാറ്റി.
'കാണാതായവരുടെ ബന്ധുക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും അറബിയിലെഴുതിയ പുസ്തകങ്ങളും കണ്ടെത്തി.' (മാതൃഭൂമി ചാനല്‍). 'മലപ്പുറത്തിന്റെ സമീപജില്ലകളില്‍ നിന്നാണ് ഐ.എസ് ബന്ധം സംശയിക്കുന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നതുകൊണ്ടണ്ടുതന്നെ പ്രത്യേക ജാഗ്രതപുലര്‍ത്താന്‍ രഹസ്യാന്വേഷണവിഭാഗം നിര്‍ദേശം നല്‍കി'' (മാതൃഭൂമി പത്രം ജൂലൈ 12, 16-ാം പേജ്). കോഴിക്കോട്, പാലക്കാട്, തൃശൂര്‍ജില്ലകള്‍ എന്നതിനു പകരം 'മലപ്പുറത്തിന്റെ സമീപജില്ലകളെ'ന്നായി പ്രയോഗം. മലപ്പുറം ജില്ലയോടും അവിടെ അധിവസിക്കുന്ന പ്രത്യേക ജനവിഭാഗത്തോടുമുള്ള പത്രത്തിന്റെ ജനിതകമായ വിരോധം ഇവിടെയും പ്രകടം.നാലഞ്ചുദിവസം മലയാളികളെ മുഴുവനും ഐ.എസ് ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ വാര്‍ത്തയുടെ അവസാനചിത്രം എന്താണെന്നു നാം കണ്ടണ്ടു. രാജ്യത്തെ അന്വേഷണസംഘങ്ങള്‍ മുഴുവനും പരിശോധിച്ചിട്ടും കേരളത്തില്‍നിന്ന് ആരും ഐ.എസില്‍ ചേര്‍ന്നതായി ഒരുവിവരവും ലഭിച്ചില്ല. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും സംസ്ഥാന എ.ഡി.ജി.പി ആര്‍ ശ്രീലേഖയും കഴിഞ്ഞദിവസം ഇതു തുറന്നുപറയുകയും ചെയ്തു. എന്നാല്‍, ഈ വാര്‍ത്തകള്‍ മുത്തശ്ശിപ്പത്രത്തിലെ ഒന്നാംപേജിലോ അന്തിച്ചര്‍ച്ചകളിലോ വിഷയമായില്ല. അതു കേവലം പൊലിസിന്റെ പ്രസ് റിലീസായ ഒറ്റക്കോളം വാര്‍ത്തകള്‍ മാത്രം. ഇല്ലാക്കഥയുടെ ഭീതിപടര്‍ത്തിയതിന്റെ രസതന്ത്രമന്വേഷിക്കാന്‍ ഒരു ചാനല്‍സ്റ്റുഡിയോയിലും ആരെയും കണ്ടില്ല.
കേരളത്തിലെ ചില യുവാക്കളെയും യുവതികളെയും കാണാനില്ലെന്നു അവരുടെ വീട്ടുകാര്‍തന്നെ പരാതിപറയുന്നതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അതിനുത്തരം ലഭിക്കണമെങ്കില്‍ അല്‍പ്പം ചരിത്രം പഠിക്കണം. കേരളത്തില്‍ നിലവില്‍ പ്രധാനപ്പെട്ട മൂന്നു മുജാഹിദ് ഗ്രൂപ്പുകളാണുള്ളത്. ടി.പി അബ്ദുല്ലക്കോയ മദനിയുടെയും ഹുസൈന്‍ മടവൂരിന്റെയും നേതൃത്വത്തിലുള്ള രണ്ടണ്ടു പ്രബല ഗ്രൂപ്പുകളും ജിന്നു വിവാദവുമായി ബന്ധപ്പെട്ടു പിളര്‍ന്നുണ്ടണ്ടായ വിസ്ഡം ഗ്രൂപ്പും. ഇവരില്‍നിന്നെല്ലാം തെറ്റിപ്പിരിഞ്ഞു പ്രത്യേകസംഘടനയായി രൂപപ്പെട്ടില്ലെങ്കിലും സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘമുണ്ട്. അവരാണു ദമ്മാജ് സലഫികള്‍. അതായത്, ആടുസലഫികള്‍.
സുബൈര്‍ മങ്കട എന്ന മുജാഹിദ് പണ്ഡിതനാണ് ഈ സംഘത്തിന്റെ ആത്മീയവും ഭൗതികവുമായ നേതാവും ശൈഖും. അദ്ദേഹം അത്തിക്കാട്ടില്‍ ഒരു ദമ്മാജ് ആശ്രമംതന്നെ പണിയുകയും ചെയ്തു. പ്രവാചകന്‍ ജീവിച്ചപോലെ ആടിനെ മേച്ചും കൃഷിപ്പണി ചെയ്തും ജീവിക്കുന്നവനാണു യഥാര്‍ഥ വിശ്വാസിയെന്നാണവരുടെ വിശ്വാസം. അതിനാല്‍ അത്തിക്കാട്ട് ആട്ഫാമും ഇദ്ദേഹം പണിതു. ഇവിടെനിന്നാണു വിശ്വാസം പൂര്‍ത്തിയാവാത്തവരെ യമനിലെ ദമ്മാജിലേയ്ക്ക് ആടിനെ മേക്കാനും കൃഷിപ്പണിക്കുമായി അയയ്ക്കുന്നത്. മറ്റുമുജാഹിദ് സംഘടനകള്‍ പിന്‍പറ്റുന്നതു യഥാര്‍ഥ സലഫിസമല്ല, യമനിലെ ദമ്മാജില്‍ മാത്രമാണു യഥാര്‍ഥ സലഫിസമുള്ളതെന്നാണ് ഇവരുടെ വിശ്വാസം.
സഊദിയില്‍നിന്നു സലഫികളുമായി കലഹിച്ചു യമനിലെ ദമ്മാജിലേയ്ക്ക് ആസ്ഥാനം മാറ്റിയവരാണു ദമ്മാജ് സലഫികള്‍. യമന്‍ സലഫിസം എന്നും ഇതിനു പേരുണ്ട്. യമനിലെ ദമ്മാജിലുള്ള 'ദാറുല്‍ ഹദീസ് ' എന്ന സ്ഥാപനമാണ് ഇവരുടെ കേന്ദ്രം. അതിന്റെ ചുവടുപിടിച്ചാണ് നിലമ്പൂരിനടുത്ത് അത്തിക്കാട്ട് സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ദമ്മാജ് എഡിഷന്‍ സ്ഥാപിച്ചത്. അത്തിക്കാട്ടിലെ ദമ്മാജില്‍ അതിനായി എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടുചെയ്യുകയുമുണ്ടായി. െൈപ്രമറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറികള്‍. ആണ്‍കുട്ടികളുടെ ക്ലാസിലെ ബ്ലാക്ക് ബോര്‍ഡ് വീഡിയോ വഴി പെണ്‍കുട്ടികളുടെ ക്ലാസില്‍ തല്‍സമയസംപ്രേഷണം എന്നതാണു രീതി. ഇവിടെയിപ്പോള്‍ ദമ്മാജികള്‍ ആരുമില്ല. ശൈഖടക്കം എല്ലാവരും സ്ഥലംവിട്ടു. ഇവരുമായി കാര്യമായ ബന്ധമില്ലാത്ത കുറച്ചുകുടുംബങ്ങള്‍മാത്രം അവശേഷിക്കുന്നു. കെട്ടിടങ്ങളെല്ലാം ഇപ്പോഴും കാണാം. ഇവരില്‍നിന്ന് ഒരുസംഘം നേരത്തെ യമനിലേയ്ക്കു പോയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ടു തിരിച്ചുകൊണ്ടണ്ടുവന്നു. എത്ര വിദ്യാഭ്യാസമുള്ള വ്യക്തിയാണെങ്കിലും ആടിനെ വളര്‍ത്തിയോ കച്ചവടംനടത്തിയോ ഉപജീവനം കണ്ടെണ്ടത്തുകയാണു വേണ്ടതെന്നാണിവര്‍ വിശ്വസിക്കുന്നത്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമാണ്. പാട്ടും ബൈത്തുമെല്ലാം ഇസ്‌ലാമികവിരുദ്ധം തന്നെ. താടിവെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യാന്‍ പാടില്ല. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലിചെയ്യുന്നതും നിഷിദ്ധം. സ്ത്രീകള്‍ മുഖംമൂടുന്ന പര്‍ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിനു വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഹറാംതന്നെ.
യമനിന്റെ വടക്കന്‍ ഭാഗത്തുള്ള താഴ്‌വരയാണ് ദമ്മാജ്. 1979ല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന അക്രമത്തില്‍ ജയില്‍ശിക്ഷയനുഭവിച്ച ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദി അല്‍ വാദിയാണ് ഇതിന്റെ സ്ഥാപകന്‍. 2001ല്‍ ശൈഖ് മുഖ്ബിലിന്റെ മരണത്തോടെ പുതിയ ശൈഖ് വന്നു. അദ്ദേഹമാണ് അവിടെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനുവദിച്ചത്. മുഖ്ബിലിന്റെ കാലത്ത് അതെല്ലാം ഹറാമായിരുന്നു. യൂറോപ്പില്‍നിന്നും ഏഷ്യയില്‍ നിന്നുംവരെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ദമ്മാജിലെ വിദ്യാര്‍ഥികളല്ലെങ്കിലും വിദ്യാര്‍ഥികളുടെ ഭാര്യമാരും പെണ്‍മക്കളുമെല്ലാം ദമ്മാജില്‍തന്നെ താമസിക്കുന്നവരാണ്. പലര്‍ക്കും നാലു ഭാര്യമാരുണ്ട്. യൂറോപ്യര്‍ അടക്കമുള്ളവര്‍ ഇവിടെ ബഹുഭാര്യത്വമാണു സ്വീകരിക്കുന്നത്. ലോകത്താകമാനം ഇസ്‌ലാം മായംചേര്‍ക്കപ്പെടുകയും നേര്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദമ്മാജില്‍ പ്രവാചകകാലത്തെ വിശുദ്ധിയോടെ ഇസ്‌ലാം ലഭ്യമാണെന്ന പ്രചാരമാണു യമനിലേയ്ക്കു ഫ്രാന്‍സ്, ബെല്‍ജിയം, ബ്രിട്ടന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതത്രേ. സ്ഥാപകനായ ശൈഖ് മുഖ്ബിലിന്റെ മരണശേഷം പുതിയ ശൈഖ് നടത്തിയ പരിഷ്‌കാരങ്ങളാണ് ദമ്മാജിലേയ്ക്കു ശിഷ്യന്മാര്‍ക്കു ഭാര്യമാരെയും പെണ്‍മക്കളെയും കൊണ്ടുവരാന്‍ അനുമതി നല്‍കിയത്.
യമനിലെ ഈ ദമ്മാജ്
മോഡലില്‍ പണിത നിലമ്പൂരിലെ ആടുകൂടാരത്തില്‍ ഇപ്പോള്‍ ഐ.ബി ഉദ്യോഗസ്ഥരും വേഷപ്രഛന്നരായ രഹസ്യപൊലിസുകാരുമല്ലാതെ സംഘത്തില്‍പ്പെട്ട ആരുമില്ല. എന്നാല്‍, ഇവിടെനിന്നു സ്വര്‍ഗംതേടിപ്പോയവര്‍ പലരും ഇപ്പോഴും യമനിലെ ആട്ടിന്‍കൂട്ടങ്ങളുടെ കൂടെയുണ്ട്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമൊക്കെയുണ്ടണ്ടിവരില്‍. ചിലര്‍ സകുടുംബമാണു താമസിക്കുന്നത്. ആരും ഐ.എസില്‍ ചേര്‍ന്നതായി വിവരമില്ല. ദൈവത്തിന്റെ സ്വര്‍ഗരാജ്യത്തുനിന്നു പിശാചിന്റെ നാട്ടിലെ നരകരാജ്യത്തിലേയ്ക്ക് ഇവര്‍ ഒരു 'ഹായ് ' പോലും വിടാറില്ല. ഇവരില്‍ പലരെയും കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഐ.എസ് വാര്‍ത്തയായി വന്നതെന്നു കരുതേണ്ടണ്ടിയിരിക്കുന്നു.
ഈ തീവ്രസലഫി ചിന്തകളെ കടുത്തഭാഷയില്‍ അപലപിച്ചും തള്ളിപ്പറഞ്ഞും കേരളത്തിലെ പ്രമുഖമായ മുജാഹിദ് സംഘടനകള്‍ മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. തീവ്രസലഫി ചിന്തയുടെ ആഗോളവ്യാപനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇവരുടെ യുവജനപ്രസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഘടനയുടെ സാമൂഹികപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമങ്ങളെ തള്ളിപ്പറഞ്ഞും ബഹുസ്വരസമൂഹത്തിനു യോജിക്കാത്ത ജീവിതക്രമങ്ങള്‍ നിര്‍ണയിച്ചും ഈ തീവ്രചിന്താസംഘം രംഗത്തുവന്നപ്പോള്‍ ഇവരെ വേരോടെ നുള്ളിക്കളയാനും ബൗദ്ധികമായി പരാജയ പ്പെടുത്താനും മുജാഹിദ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നതു സത്യമാണ്.
ബഹുസ്വരസമൂഹത്തോട് ഇഴചേര്‍ന്നും മതത്തിന്റെ തന്മയത്വം കാത്തുസൂക്ഷിച്ചും ജീവിച്ചിരുന്ന കേരളത്തിലെ പാരമ്പര്യ സുന്നിസമൂഹത്തെ തള്ളിപ്പറഞ്ഞു നവോത്ഥാനത്തിന്റെ ശില്‍പ്പികളായി പൊതുസമൂഹത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ട മുജാഹിദ് പ്രസ്ഥാനത്തിനകത്തുനിന്നു തന്നെയാണ്, ഇന്ത്യയില്‍ ജീവിച്ചാല്‍ വിശ്വാസം പൂര്‍ണമാവില്ലെന്നു പറയുന്ന സ്വര്‍ഗരാജ്യം തേടിപ്പോയവരുണ്ടായത് എന്നത് ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."