നീറ്റ്: ഇളവില്‍ അതൃപ്തി; സ്‌റ്റേ ഇല്ല
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍(നീറ്റ്) സംസ്ഥാനങ്ങള്‍ക്ക് ഇളവുനല്‍കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇളവു അനുവദിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ അതൃപ്തി അറിയിച്ചാണ് ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, എ.കെ ഗോയല്‍, ശിവ്കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷനടത്തുകയും പ്രവേശനടപടികള്‍ തുടങ്ങുകയും ചെയ്തതു ചൂണ്ടിക്കാട്ടിയാണ് ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ സുപ്രിംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന സാമൂഹികപ്രവര്‍ത്തകന്‍ ഡോ. ആനന്ദ്‌റായി സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി. സുപ്രിംകോടതിയില്‍ ആദ്യം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനു തീര്‍ത്തും വിരുദ്ധമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന നടപടിയെന്നും അതിനാല്‍ അതു റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അനില്‍ ആര്‍. ദവേ അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്നു നീട്ടിവച്ച വാദംകേള്‍ക്കലാണ് ഇന്നലെ നടന്നത്. സുപ്രിംകോടതി വീണ്ടും ഇതില്‍ ഇടപെടുന്നത് വിദ്യാര്‍ഥികളില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ചിന്റെ തലവന്‍ അനില്‍ ആര്‍. ദവേ, അത് സ്റ്റേചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. എങ്കിലും സര്‍ക്കാരിന്റെ നടപടിയില്‍ അസംതൃപ്തി അറിയിച്ച അദ്ദേഹം, കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിയായ രീതിയിലുള്ളതല്ലെന്ന നിരീക്ഷണം നടത്തി. കോടതി ഉത്തരവ് അംഗീകരിച്ചതിനു ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നീറ്റ് നടപ്പാക്കുന്നതിനെതിരേ കേരളമടക്കമുള്ള സംസ്ഥാനങ്ങളും വിവിധ സ്വകാര്യമെഡിക്കല്‍ സ്ഥാപനങ്ങളും സമര്‍പ്പിച്ച ഹരജികള്‍ ഒന്നടങ്കം തള്ളിയായിരുന്നു ഈ അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് 'നീറ്റ്' നിര്‍ബന്ധമാക്കി സുപ്രിംകോടതി മെയില്‍ ഉത്തരവിട്ടത്. എന്നാല്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഈ വര്‍ഷം 'നീറ്റി'ല്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ കോളജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും സംസ്ഥാന സര്‍ക്കാരുകളുടെ പൊതു പ്രവേശ പരീക്ഷയില്‍നിന്ന് ഈ വര്‍ഷം പ്രവേശനം നടത്തുന്നതിനു വേണ്ടിയായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കേരളത്തില്‍ മെയില്‍ നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ ആറര ലക്ഷം വിദ്യാര്‍ഥികളാണു പങ്കെടുത്തത്. രണ്ടാം ഘട്ട പരീക്ഷ ഈ മാസം 24നു നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."