കുരിശ് നാട്ടിയുള്ള കൈയേറ്റം; ലക്ഷ്യമിട്ടത് 200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശും ഷെഡ്ഡും സ്ഥാപിച്ചത് ആത്മീയ ടൂറിസം ലക്ഷ്യംവച്ചാണെന്നതിന് കൂടുതല്‍ തെളിവുകള്‍. കുരിശ് സ്ഥാപിച്ച ഭൂമിക്ക് ചുറ്റുമുള്ള 200 ഏക്കര്‍ സ്ഥലംകൂടി സ്വന്തമാക്കാമെന്ന ഗൂഢ പദ്ധതിയാണ് സംഘടനക്കുണ്ടായിരുന്നത്. തുടക്കത്തില്‍ ചെറിയ രൂപംവച്ച് സൂര്യനെല്ലിയില്‍ തുടങ്ങിയ പ്രാര്‍ഥനാ കൂട്ടായ്മയാണ് പാപ്പാത്തിച്ചോലയിലെ മലമുകളില്‍ കുരിശ് സ്ഥാപിച്ച് മാറ്റിയത്. ആദ്യം മരം കൊണ്ടുള്ള ചെറിയ കുരിശാണ് സ്ഥാപിച്ചത്. ആറുമാസം മുന്‍പാണ് ഇരുമ്പ് ഉപയോഗിച്ച് ഒന്നര ടണ്ണിലേറെ ഭാരമുള്ള ഭീമന്‍ കുരിശാക്കിയത്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ കുരിശിന്റെ മഹത്വം വിവരിച്ചുകൊണ്ടുള്ള വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ എല്ലാ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും നൂറുകണക്കിനുപേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും പാപ്പാത്തിച്ചോലയിലേക്ക് എത്തിയിരുന്നത്.
വിശ്വാസികളെ ചിന്നക്കനാലില്‍ എത്തിച്ച് റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചശേഷം പാപ്പാത്തിച്ചോലയിലെ കുരിശു വണങ്ങാന്‍ കൊണ്ടുപോകുന്ന ടൂര്‍ പാക്കേജാണ് സംഘടന നടത്തിക്കൊണ്ടിരുന്നത്. സംഘടന കുരിശ് സ്ഥാപിച്ച് പാപ്പാത്തിച്ചോല പിടിച്ചെടുത്താല്‍ തങ്ങളുടെ വരുമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ റിസോര്‍ട്ട് മാഫിയയും കുരിശ് സ്ഥാപിക്കുന്നതിന് കൂട്ടുനിന്നു. വിശ്വാസികള്‍ കൂടുതലായും എത്തുന്നതോടെ സര്‍ക്കാര്‍ ഭൂമിയില്‍തന്നെ പള്ളി നിര്‍മിച്ച് ചുറ്റുമുള്ള 200 ഏക്കര്‍ സ്ഥലംകൂടി സ്വന്തമാക്കാമെന്ന ഗൂഢ പദ്ധതിയായിരുന്നു സംഘടനക്കുണ്ടായിരുന്നത്. കുരിശ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം കൈയേറ്റ ഭൂമിയാണെന്ന് ആദ്യം സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത് ഉടുമ്പന്‍ചോല തഹസില്‍ദാരാണ്. മൂന്നാര്‍ മേഖലയിലെ വന്‍കിട കൈയേറ്റക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജിമ്മി സ്‌കറിയയുടെ സഹോദരനാണ് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോമി സ്‌കറിയ. അതുകൊണ്ടുതന്നെ കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കണ്ടെത്താന്‍ റവന്യൂ അധികൃതര്‍ക്ക് വളരെപ്പെട്ടെന്ന് സാധിച്ചു. എവര്‍ഗ്രീന്‍ എസ്റ്റേറ്റ് എന്ന പേരില്‍ 1,500 ഏക്കര്‍ വരുന്ന ഏലത്തോട്ടത്തിന് ഉടമയാണ് ടോമി സ്‌കറിയയും കുടുംബവും. ഇതിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്നും റവന്യൂ സംഘം കണ്ടെത്തിയിട്ടുണ്ട്.
1988ല്‍ സൂര്യനെല്ലിയിലാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി, കത്തോലിക്ക സഭാംഗമായ ടോമി സ്‌കറിയ സ്ഥാപിക്കുന്നത്. 1997ല്‍ സമാഗമം കൂടാരം എന്ന പേരില്‍ ദേവികുളത്ത് പ്രാര്‍ഥനാലയം സ്ഥാപിച്ചു. തുടക്കത്തില്‍ കത്തോലിക്കാ സഭയുമായി സഹകരിച്ചായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. കേരളത്തിലെ എല്ലാ രൂപതകളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ 2000ല്‍ പ്രവര്‍ത്തന കേന്ദ്രം തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തിയിലേക്ക് മാറ്റി. 2008ല്‍ മണ്ണൂത്തിയില്‍നിന്ന് ചിയ്യാരത്തേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിസ്ഥാപിച്ചു. സഭയുടെ വിശ്വാസങ്ങളില്‍നിന്നു മാറി ജനങ്ങളെ കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്ന രീതിയിലേക്ക് കൂട്ടായ്മ മാറിയതോടെ കത്തോലിക്കാ സഭയില്‍നിന്ന് ടോമി സ്‌കറിയയെ പുറത്താക്കി. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും കത്തോലിക്കാ സഭ വിലക്കേര്‍പ്പെടുത്തി. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിന് വെളിയിലേക്കും വ്യാപിപ്പിച്ചു. ബംഗളൂരു. വേളാങ്കണ്ണി, ചെന്നൈ, ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലും സംഘടനക്ക് കേന്ദ്രങ്ങളുണ്ട്. ഇപ്പോള്‍ പൂനെയിലാണ് ദേശീയ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ടില്‍ അന്തര്‍ദേശീയ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."