ബസ് ചാര്‍ജ് വര്‍ധന ഉടന്‍: മിനിമം ചാര്‍ജ് പത്തുരൂപ, നിരക്ക് വര്‍ധന കൊവിഡ് കാലത്തേക്കു മാത്രമെന്നു മന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്തും സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കും. ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. അതേ സമയം നിരക്കു വര്‍ധന കൊവിഡ് കാലത്തേക്കു മാത്രമാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 25 ശതമാനം വര്‍ധനയാണ് ഉദ്ദേശിക്കുന്നത്. അതായത് മിനിമം ചാര്‍ജ് പത്തുരൂപയാക്കും. വിദ്യാര്‍ഥികളുടെ നിരക്കില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചു മാത്രമേ നടപ്പാക്കൂയെന്നും മന്ത്രി വ്യക്തമാക്കി.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 10 ആക്കണമെന്നും 12 ആക്കണമെന്നുമുള്ള രണ്ടു ശുപാര്‍ശകള്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മിഷന്‍ എത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറിയത്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയ ശേഷം ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
അടുത്ത മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ഇടക്കാലത്തേക്കുള്ള വര്‍ധന മാത്രമായതിനാല്‍ ചിലപ്പോള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനുമിടയുണ്ട്. അതേസമയം ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
പ്രധാന ശുപാര്‍ശകള്‍- മിനിമം ചാര്‍ജ് എട്ട് രൂപയില്‍നിന്നും പത്ത് രൂപയാക്കണം - മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും 2.5 കി.മീ ആയി കുറയ്ക്കണം - തുടര്‍ന്നുള്ള ഓരോ 2.5 കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം - 10 രൂപ കഴിഞ്ഞാല്‍ 12,14,16,18,20 എന്നിങ്ങനെയായിരിക്കണം തുടര്‍ന്നുള്ള സ്‌റ്റേജുകളിലെ നിരക്ക് - മിനിമം ചാര്‍ജ് 12 രൂപയാക്കണം - വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണം - ഓര്‍ഡിനറി സര്‍വിസുള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും ചാര്‍ജ് വര്‍ധിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."