ലീ ക്യാപിറ്റല്‍ തട്ടിപ്പ്: ഇരകള്‍ പെരുവഴിയില്‍; പ്രതികള്‍ സുഖവാസത്തിലും
മങ്കട: 900 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ ലീ ക്യാപിറ്റല്‍ കമ്പനിയുടെ തട്ടിപ്പിനിരയായവര്‍ ഇപ്പോഴും പെരുവഴിയില്‍. കേസിലെ പ്രധാനപ്രതി കൊല്ലം നിലമേല്‍ സ്വദേശി കുരിയാനിക്കര കൈതോട് സന്തോഷ്‌കുമാറിനെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ കോഴിക്കോട് സി.ബി.സി.ഐ.ഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സുഖവാസത്തിലാണെന്നാണു വിവരം. ഇയാളുടെ നേതൃത്വത്തിലാണ് ലീ ക്യാപിറ്റല്‍ കമ്പനി മലബാറില്‍ വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ തുറന്ന് ഏജന്റുമാര്‍ മുഖേന ധനം ശേഖരിച്ചത്. ഒരു ലക്ഷം രൂപയ്ക്കു 3000 മുതല്‍ 5000 രൂപ വരെയായിരുന്നു ലാഭം വാഗ്ദാനം നല്‍കിയിരുന്നത്.
തുടക്കത്തില്‍ ലാഭവിഹിതം കൃത്യമായി തന്നെ വിതരണം നടന്നതിനെത്തുടര്‍ന്നാണു കോടികള്‍ കമ്പനിയിലേക്ക് എത്തിയത്. 2014 മാര്‍ച്ചില്‍ കമ്പനി പൂട്ടി സന്തോഷ്‌കുമാറും പ്രധാന ഏജന്റുമാരും മുങ്ങുകയായിരുന്നു.
ചില നിക്ഷേപകര്‍ ഒന്നിച്ചും കൂട്ടായ്മയൊരുക്കിയും നിയമ നടപടികളുമായി മുന്നോട്ടു നീങ്ങിയതിനെത്തുടര്‍ന്നു പ്രധാന ഏജന്റായ പനങ്ങാങ്ങര മൂളിയത്തൊടി അബ്ദുല്‍ ശുക്കൂറിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ മലപ്പുറം കുന്നുമ്മലില്‍ സ്വകാര്യ സ്ഥാപനം നടത്തുകയാണ്.
ശുക്കൂറിന്റെ നേതൃത്വത്തിലാണ് പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍ നിന്നു പണം ശേഖരിച്ചിരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കടം - കടക്കെണി' പീഡിത സംഘടനയാണ് പണം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി നിയമപോരാട്ടവുമായി രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."