ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ന്യൂനപക്ഷ ക്ഷേമകോര്‍പറേഷനിലെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരേ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികളറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.
ജലീലിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. വേനലവധിക്കുശേഷം മെയ് 25ന് വീണ്ടും കേസ് പരിഗണിക്കും.
ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ച സംഭവത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീര്‍പ്പാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പരാതിക്കാരന് നല്‍കിയിരുന്നില്ല.
പരാതിക്കാരനെ ഹിയറിങ്ങിന് വിളിക്കുകയോ തെളിവുകള്‍ പരിശോധിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി പരാതി തീര്‍പ്പാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകനായ എസ്. ശ്രീകുമാര്‍ കോടതിയില്‍ അറിയിച്ചു. സര്‍ക്കാരാണ് തുടര്‍നടപടി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. അഡ്വ. പി.ഇ സജല്‍, എസ്. കബീര്‍ എന്നിവര്‍ മുഖേനയാണ് ഫിറോസ് ഹരജി സമര്‍പ്പിച്ചത്.
ഹൈക്കോടതി ഇടപെടല്‍
പ്രാഥമിക വിജയമെന്ന് ഫിറോസ്
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത് പ്രാഥമിക വിജയമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്.
യൂത്ത് ലീഗ് ഉന്നയിച്ച വിഷയത്തില്‍ കാര്യമുള്ളതുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടത്. ഇത് കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ വിജയമാണ്. ഹൈക്കോടതിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. സി.പി.എം നേതാക്കള്‍ നിരന്തരം സത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രമ്യാ ഹരിദാസിനെ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനറുടെ നിലപാട് തന്നെയാണോ സി.പി.എമ്മിനുള്ളതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."