വ്യാജ നെല്ലുല്‍പാദക സമിതിക്ക് സര്‍ക്കാര്‍ ഫണ്ട്: രണ്ടുപേര്‍ കുറ്റക്കാരെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
നിരവില്‍പുഴ: തൊണ്ടര്‍നാട് പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെല്ലുല്‍പാദക സംഘത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
ആ കാലയളവില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് എ.ഇയുടെ ചുമതലയുണ്ടായിരുന്ന നിലവിലെ തവിഞ്ഞാല്‍ പഞ്ചായത്ത് എ.ഇ.എ ബൈജു, സര്‍ക്കാരില്‍ നിന്നും സബ്‌സിഡി വാങ്ങിയെടുത്ത സംഘം പ്രസിഡന്റ് തൊണ്ടര്‍നാട് പാട്ടുപാളയില്‍ എല്‍ദോ എന്നിവരെ കുറ്റക്കാരാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2012ലാണ് സ്ഥലത്തെ രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ ചേര്‍ന്ന് ബന്ധുക്കളെയും സ്വന്തക്കാരെയും ഉള്‍പ്പെടുത്തി വ്യാജ നെല്ലുല്‍പ്പാദക സംഘം രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തത്. ഇതേവര്‍ഷം തന്നെ കൃഷിവകുപ്പ് 4.57 കോടി സംഘത്തിന് അനുവദിക്കുകയും ചെയ്തു.
ഇതില്‍ 2.20 കോടി ഗ്രാന്റായിട്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ 25 ശതമാനം അതായത് 55 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ കൈപ്പറ്റിയത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മാത്രം നല്‍കേണ്ട സബ്‌സിഡി തുക അന്നത്തെ സര്‍ക്കാരില്‍ സ്വാധീനമുള്ള എം.എല്‍.എയെ ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ തന്നെ നേടിയെടുത്തെന്നാണ് ആരോപണം. ജില്ലാകൃഷി ഓഫിസുമായി യാതൊരു ബന്ധവുമില്ലാതെ കൃഷി ഡയറക്ടറേറ്റില്‍ നിന്നും നേരിട്ടാണ് പദ്ധതി സംബന്ധിച്ച നീക്കങ്ങളെല്ലാമുണ്ടായത്.
ഈ കാലയളവില്‍ ഇത്തരത്തില്‍ സമാനമായ സംഭവം പുല്‍പ്പള്ളിയില്‍ ഉണ്ടായതോടെ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശത്തെ തുടര്‍ന്നാണ് തൊണ്ടര്‍നാട്ടെ തട്ടിപ്പ് പുറത്ത് വന്നത്.
ഇതോടെയാണ് കൂടുതല്‍ തുക നല്‍കുന്നതില്‍ നിന്ന് കൃഷിവകുപ്പ് പിന്മാറിയത്. ഭരണമാറ്റമുണ്ടായതോടെ സംഭവം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കര്‍ഷകസംഘം ഭാരവാഹികള്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കി ഒരു വര്‍ഷത്തോടടുത്തപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്.
സംഘം ആവശ്യപ്പെട്ടത് പ്രകാരം ചൂണ്ടിക്കാണിച്ച കെട്ടിടത്തിന് വിലനിര്‍ണയിച്ചതിലെ അപാകത ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് എ.ഇക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിലും മുഴുവന്‍ കുറ്റക്കാരെയും കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."