വാര്‍ധക്യകാല പെന്‍ഷന്‍; ഓഫിസുകളില്‍ കയറി ഇറങ്ങി മടുത്ത് കാര്‍ത്ത
കല്‍പ്പറ്റ: 70 വയസിന് മുകളില്‍ പ്രായമുള്ള ആദിവാസി വൃദ്ധ അര്‍ഹമായ പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങുന്നു. കല്‍പ്പറ്റ-വെള്ളാരംകുന്ന് ചെറിയ പടപുരം കോളനിയിലെ കുളിയന്റെ ഭാര്യ കാര്‍ത്തയാണ് പെന്‍ഷന്‍ തുകക്കായി അലയുന്നത്.
തന്റെ പ്രായം എത്രയാണന്ന് കൃത്യമായി കാര്‍ത്തക്ക് അറിയില്ല. 70 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് കാര്‍ത്ത പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ രേഖകളില്‍ കാര്‍ത്തക്ക് മകളെക്കാള്‍ പ്രായം കുറവാണ്. ആധാര്‍ കാര്‍ഡില്‍ 32 വയസ്സാണ് കാര്‍ത്തക്ക് രേഖപ്പെടുത്തിയത്. തിരിച്ചറിയല്‍ കാര്‍ഡില്‍ 59ഉം റേഷന്‍ കാര്‍ഡില്‍ 42ഉം വയസ്സാണ് കാര്‍ത്തക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ മകള്‍ക്ക് തന്നെ 44 വയസ്സുള്ളപ്പോഴാണ് തന്റെ പ്രായം തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാര്‍ത്ത പരാതിപ്പെടുന്നു.
എഴുത്തും വായനയും അറിയാത്ത കാര്‍ത്തയുടെ അടിസ്ഥാന രേഖകളിലെ പിശക് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പെന്‍ഷന്‍ തുകക്കായി കല്‍പ്പറ്റ നഗരസഭ ഓഫിസില്‍ പല തവണ കാര്‍ത്ത കയറി ഇറങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് കുളിയന് ഏതാനും വര്‍ഷങ്ങളായി പെന്‍ഷന്‍ കിട്ടുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ കാര്‍ത്ത പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ കഴിയുന്നത്. അടിസ്ഥാന രേഖകളിലെ പിശക് പരിഹരിച്ച് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വാകരിക്കണമെന്നാണ് ഈ ആദിവാസി വൃദ്ധയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."