ആദ്യവിമാനം കരിപ്പൂരില്‍നിന്ന് ജൂലൈ നാലിന്
കൊണ്ടോട്ടി: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇത്തവണ ഹജ്ജ് വിമാന സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് ജൂലൈ നാലുമുതല്‍ പുറപ്പെടും. ഇതേ ആഴ്ചയില്‍ തന്നെ നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ ആദ്യഘട്ടത്തിലേക്ക് മാറ്റിയതിനാല്‍ വിമാനങ്ങള്‍ നേരിട്ട് മദീനയിലേക്ക് ആയിരിക്കും പുറപ്പെടുക. മദീന സന്ദര്‍ശനം ഹജ്ജിന് മുന്‍പ് പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകര്‍ മക്കയിലെത്തി ഹജ്ജ് കഴിഞ്ഞയുടനെ ജിദ്ദവഴി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി മടങ്ങിയെത്തും.
ജൂലൈ നാലിന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന രീതിയില്‍ ആദ്യഘട്ടത്തിലേക്ക് കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ കേന്ദ്രഹജ്ജ് കമ്മിറ്റി ക്രമീകരിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു. വര്‍ഷങ്ങളായി ജിദ്ദ വഴിയുള്ള രണ്ടാംഘട്ടത്തിലാണ് കേരളം ഉള്‍പ്പെടാറുള്ളത്. അതുകൊണ്ടുതന്നെ മദീന സന്ദര്‍ശനം ഹജ്ജ് കഴിഞ്ഞാണ് നടക്കാറുള്ളത്. സഊദി സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹജ്ജ് ക്വാട്ട പ്രകാരം ഇന്ത്യയില്‍ 25,000 സീറ്റുകള്‍ കൂടി ഇത്തവണ അധികം ലഭിക്കും. കേരളത്തിലും രണ്ടായിരത്തോളം പേര്‍ക്ക് ഇതുവഴി അവസരം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെയ്റ്റിങ് ലിസ്റ്റില്‍ ക്രമനമ്പര്‍ 2000 വരെയുള്ളവര്‍ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഏപ്രില്‍ 8നും 22 നുമിടയിലായി സമര്‍പ്പിക്കണം. പണം അടയ്ക്കുന്നതുള്‍പ്പെടെ ഇവര്‍ക്കുള്ള മറ്റുകാര്യങ്ങള്‍ പിന്നീട ് അറിയിക്കുമെന്ന് ചെയര്മാന് പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ കുത്തിവയ്പും തുള്ളിമരുന്നും റമദാനിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ റമദാനിനു ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയാകും.
മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ചീഫ് എക്സി ക്യൂട്ടീവ് ഓഫിസര്‍ ഡോ.മഖ്സൂദ് അഹ്മദ് ഖാനുമായി ചെയര്മാന് സി. മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗം മുസ്ലിയാര് സജീര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യാത്രാ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഡോ. മഖ്സൂദ് അഹ്മദ് ഖാന് കേരളത്തിലെത്തും.
യാത്ര ആദ്യഘട്ടത്തിലായത്
പ്രവാസികള്‍ക്ക് ഗുണം ചെയ്യും
കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ മദീന വഴിയുള്ള ആദ്യഘട്ടത്തിലാക്കിയത് പ്രവാസികളായ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യും. ജോലി സ്ഥലത്തുനിന്ന് കുറഞ്ഞ അവധി ലഭിക്കുന്ന പ്രവാസികള്‍ക്ക് ഹജ്ജിന് പാസ്പോര്‍ട്ട് സമര്‍പ്പിച്ച് യാത്രക്കായി ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. സാധാരണ ഹജ്ജ് സര്‍വിസുകള്‍ രണ്ടാംഘട്ടത്തിലായതിനാലാണിത്. എന്നാല്‍ ഈ വര്‍ഷം സര്‍വിസുകള്‍ ആദ്യഘട്ടത്തിലേക്ക് മാറ്റിയതിനാല്‍ ഇവര്‍ക്ക് ഹജ്ജ് കഴിഞ്ഞ ഉടനെ തന്നെ വിദേശ രാജ്യങ്ങളിലെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാകും.
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പണത്തിന് സാവകാശം നല്‍കാറുണ്ട്. എന്നാല്‍ സാധാരണ സര്‍വിസുകള്‍ രണ്ടാംഘട്ടത്തിലായതിനാല് ഇതുകൊണ്ട് പ്രയോജനം ലഭിക്കാറില്ല. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസി ഹജ്ജ് തീര്‍ഥാടകരുള്ളത് കേരളത്തില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."