കശ്മിര്‍ വിഘടനവാദികളെ മാതൃകയാക്കി സി.പി.എം പുഴ കൈയ്യേറുന്നു: വി.ടി ബല്‍റാം എം.എല്‍.എ
വടകര: സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഭീകരവാദികള്‍ കശ്മിരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുപോലെയാണ് കുട്ടികളെയും സ്ത്രീകളെയും മുന്നില്‍ നിര്‍ത്തി സി.പി.എം കാരാട്ട് പുഴ കൈയ്യേറ്റം നടത്തുന്നതെന്ന് വി.ടി.ബല്‍റാം എ.എല്‍.എ.
പുതുപ്പണം കാരാട്ട്പുഴ നികത്തുകയും പുഴപുറമ്പോക്ക് ഭൂമി കൈയേറുകയും ചെയ്ത സി.പി.എം നടപടിക്കെതിരേ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചും ജലഹസ്തം പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാറില്‍ കുരിശാണ് കൈയേറ്റത്തിന് മറയാക്കുന്നതെങ്കില്‍ വടകര കാരാട്ട് പുഴയില്‍ അത് കളിസ്ഥലത്തിന്റെ രൂപത്തിലാണ്. കാരാട്ട് പുഴ സംരക്ഷിക്കലാണോ, അല്ല കളിസ്ഥലം സ്ഥാപിക്കലാണോ സി.പി.എം നയമെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൈവസമ്പത്ത് കൊള്ളയടിച്ച് ഭൂമിക്ക് ചരമഗീതം എഴുതാനുള്ള സി.പി.എം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. കാരാട്ട് പുഴയുടെ സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭപരിപാടികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കും.
പരിസ്ഥിതി സംഘടനകളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കും. മൂന്നാര്‍ കാര്‍ഡ് വടകരയില്‍ ചെലവാകില്ലെന്നും സിദ്ദീഖ് പറഞ്ഞു.
അഡ്വ. ഐ.മൂസ, കെ.പി.ബാബു, വി.എം.ചന്ദ്രന്‍, ശശിധരന്‍ കരിമ്പനപ്പാലം, കാവില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, കൂടാളി അശോകന്‍, കളത്തില്‍ പീതാംബരന്‍, ടി.വി.സുധീര്‍കുമാര്‍, അഡ്വ. ഇ നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.സി.കെ.വിശ്വനാഥന്‍, സി.പി. വിശ്വനാഥന്‍, മരക്കാട്ടേരി ദാമോദരന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, നല്ലാടത്ത് രാഘവന്‍, കെ.പി.കരുണന്‍, സുനില്‍ മടപ്പള്ളി, ബാബു ഒഞ്ചിയം, പി. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."