സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ തട്ടിക്കൊണ്ട് പോയി
മാനന്തവാടി: സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ രണ്ട് കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് സൂചന.
കൂത്ത്പറമ്പ് ഓലായ്ക്കര ബദരിയ മന്‍സില്‍ മുഹമ്മദ് അമീര്‍(22)നെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ പിതാവിന്റെ പരാതി പ്രകാരം മാനന്തവാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. രാത്രി എട്ടോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രികനായ അമീറിനെ തൊട്ടുപുറകെ വരിയായിരുന്ന വെളുത്ത സ്വിഫ്ട് കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതേസമയം അവിടെ സ്വകാര്യ ലോഡ്ജിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കറുത്ത നിറത്തിലുള്ള വെര്‍ണ കാറിലെ സംഘം പുറത്തിറങ്ങി അമീറിനെ ബലമായി കാറിലേക്ക് കയറ്റുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയവരുടെ കൈയില്‍ ജാക്കിയുടെ ലിവറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ ഭയപ്പെടുത്തിയ ഇവര്‍ ഉടന്‍തന്നെ രണ്ട് കാറുമായി സ്ഥലം വിടുകയും ചെയ്തു. മാനന്തവാടി പൊലിസ് സ്ഥലത്തെത്തി സ്‌കൂട്ടര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. സി.സി.ടി.വി ദൃശ്യം പരിശോധിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. തുടര്‍ന്ന് അമീറിന്റെ പിതാവ് മാനന്തവാടി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അമീര്‍ കൊടുവള്ളി സ്വദേശികളുമായുണ്ടായ സ്വര്‍ണ ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
ഗള്‍ഫില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയ അമീര്‍ തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്ന് കാണിച്ച് കൊടുവള്ളി സ്വദേശികള്‍ കതിരൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും സൂചനയുണ്ട്. പ്രസ്തുത പരാതിക്കാരാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലിസിന് ലഭിക്കുന്ന സൂചനകള്‍. അതെസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമീറിനെ പൊലിസ് മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."