പലായനം
അന്നൊരു കരിപുരണ്ട ഞായറാഴ്ചയായിരുന്നു. മദ്‌റസ കഴിഞ്ഞുവന്നു ചായ കുടിക്കുമ്പോഴേ ഉമ്മയുടെ മുഖത്തിനൊരു തെളിച്ചക്കുറക്കുറവുണ്ട്. ഇടക്ക് കിട്ടുന്നൊരു ഒഴിവുദിവസത്തിന്റെ തിമിര്‍പ്പില്‍ പാതികഴിച്ച കട്ടിപ്പത്തിരിയുടെ കഷണം അടുക്കളമേശക്കു താഴെ ഒളിപ്പിച്ചുവച്ചും ശര്‍ക്കരക്കട്ടന്‍ ഒറ്റയടിക്കു വലിച്ചുകുടിച്ചും ഉമ്മയെ പറ്റിച്ചു കളിസ്ഥലത്തേക്ക് ഓടാനുള്ള തത്ത്രപ്പാടിലാണു ഞങ്ങള്‍ രണ്ടു ബാല്യക്കാര്‍. വീതനപ്പുറത്തിരുന്ന റേഡിയോയിലൂടെ ആകാശവാണി കോഴിക്കോട് നിലയത്തില്‍നിന്നുള്ള ഏതോ ചലച്ചിത്രഗാനം താളാത്മകമായി ഒഴുകിയെത്തുന്നുണ്ടായിരുന്നു.
കളിക്കാന്‍ പോവാണെന്നറിഞ്ഞതോടെ ഉമ്മ പിറുപിറുക്കാന്‍ തുടങ്ങി. അല്ലെങ്കിലും ഉപ്പ ഗള്‍ഫില്‍ പോയതില്‍ പിന്നെ ഉമ്മക്കിത്തിരി നോട്ടക്കൂടുതലാ... തീനും കുടിയുമില്ലാതെ പൊരിവെയിലത്തു കളിക്കാന്‍ പോവുന്നതിന്റെ കിരുകിരുപ്പാണ് ഉമ്മക്ക്. അതോണ്ടിപ്പോ കളിക്കാന്‍ പോവാതിരിക്കാന്‍ പറ്റോ. സുരേഷും കുട്ടനും പ്രജീഷുമൊക്കെ ടീം വിളിക്കാന്‍ വേണ്ടി ഞങ്ങളെ കാത്തിരിപ്പാണവിടെ. ഓടിയകലുമ്പോള്‍ എന്തോ പറഞ്ഞുകൊണ്ട് ഉമ്മ പിറകെ വരുന്നുണ്ടായിരുന്നു. കളിവട്ടങ്ങളുടെ ആവേശങ്ങളേയൊര്‍ത്ത് ഉമ്മയുടെ വിളിയൊന്നും കേള്‍ക്കാന്‍ നിന്നില്ല. തടത്തിലെ കളിസ്ഥലത്ത് ഞങ്ങള്‍ പത്തുപതിനഞ്ചുബാല്യക്കാര്‍ക്കു മതത്തിന്റെ, ജാതിയുടെ, സമ്പത്തിന്റെ അങ്ങിനെ ഒന്നിന്റെയും അതിര്‍വരമ്പുകളുണ്ടായിരുന്നില്ല. ക്രിക്കറ്റ് ജ്വരം തലക്കു പിടിച്ചവരുടെ പള്ളിയും അമ്പലവുമൊക്കെ അക്കാലത്ത് കളിഗ്രൗണ്ട് തന്നെയാണ്. കളിക്കിടയില്‍ പലപ്പോഴും ടീമുകള്‍ തമ്മില്‍ കലഹമുണ്ടാവാറുണ്ട്. ജ്യേഷ്ഠാനുജന്മാര്‍ വരെ ഇരുചേരികളിലണിനിരക്കുന്ന ആ കലഹങ്ങള്‍ക്കൊന്നും അധികായുസുണ്ടാവാറില്ല. അടുത്ത കളി തുടങ്ങുമ്പോഴേക്കും ടീമും ആളുകളുമൊക്കെ മാറിയിട്ടുണ്ടാവും.
മധ്യാഹ്ന സൂര്യന്‍ ഉച്ചിയില്‍ കയറി കത്തിയെരിയുമ്പോഴും ഗ്രൗണ്ടില്‍ വിയര്‍പ്പില്‍ മുങ്ങിയ ഞങ്ങളുടെ ആര്‍പ്പുവിളികള്‍ അങ്ങ് അകലങ്ങളിലേക്കു പറന്നകലും അതു കേട്ട് കാരണവന്മാര്‍ പറയും:''ഇക്കുട്ട്യോളുടെയൊരു കാര്യം, നട്ടുച്ചെക്കെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ ഈ പിരാന്ത് ''. സത്യത്തില്‍ അതൊരു ഭ്രാന്തന്‍കാലം തന്നെയായിരുന്നു. കെട്ടുപാടുകളില്ലാത്ത പകയും വിദ്വേഷവും വെറുപ്പിന് ഈടുറപ്പുമില്ലാത്ത സുന്ദരമായൊരു കാലം. അകലങ്ങളിലേക്കു കണ്ണെറിയുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുബുക്കില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിപ്പിടിപ്പിക്കേണ്ട പോയ കാലം. ഓര്‍മകള്‍ക്കെന്നും പതിനാലാംരാവിന്റെ തെളിച്ചമാണ്.
ആരാന്റെ തൊടിയിലും പറമ്പിലുമുള്ള മരങ്ങളില്‍ തത്തപ്പൊത്തും അണ്ണാന്‍കൂടും തപ്പിനടന്നത, മഴപെയ്ത് അമ്പലക്കുളം നിറഞ്ഞ് ഇരിങ്ങളത്തൂര്‍ പാടത്ത് വെള്ളം കയറുമ്പോള്‍ 'ചെട്ടിയന്‍ മുണ്ട് ' കൊണ്ട് മീന്‍ കോരിയത്, ചേറില്‍ പൊതിഞ്ഞ തോര്‍ത്തുമായി വീട്ടില്‍ വന്നതിനു പേരമരക്കമ്പുകൊണ്ട് ഉമ്മയുടെ പക്കല്‍നിന്നു ചന്തിപൊള്ളുന്ന അടികിട്ടിയത്, വികൃതി പെരുത്ത നേരത്ത് ക്ലാസ് കട്ട് ചെയ്ത് മണിക്കോടന്‍ പറമ്പിലെ മാവിന്‍ കൊമ്പത്ത് വൈകുന്നേരം വരെ ഒളിച്ചിരുന്നത്, ചുള്ളിയും വടിയും കളിക്കുമ്പോള്‍ ചുള്ളികൊണ്ട് രാധികയുടെ നെറ്റിമുറിഞ്ഞ് ചോര കുടുകുടാ ഒഴുകിയപ്പോള്‍ പേടിച്ചുവിറച്ച് വിറകുപുരയില്‍ ഒളിച്ചിരുന്നത്, അങ്ങനെയങ്ങനെ നീണ്ടു പരന്നുകിടക്കുന്ന ഓര്‍മകള്‍ക്കെന്നും മധുരപ്പതിനേഴ്.
പറഞ്ഞുവന്നത് അന്നത്തെ കളി ഗ്രൗണ്ടിലെ വര്‍ത്താനങ്ങളാണല്ലോ. കളിയാവേശം മൂര്‍ദ്ദാവില്‍ കയറി മുക്രയിടുമ്പോഴാണ് അപ്പുറത്തുനിന്ന് ഉമ്മയുടെയും സുമതിയേടത്തിയുടെയും വിളിച്ചാര്‍ക്കല്‍ കേള്‍ക്കുന്നത്. ഇതു പതിവുള്ളതാണ്. ഒഴിവുദിവസങ്ങളിലെ ഉച്ചക്കഞ്ഞിക്കുള്ള മണിയൊച്ചയാണത്. വൈകുന്നേരം ഇരുട്ടു പരക്കാന്‍ തുടങ്ങുമ്പോഴും വിളക്കു കത്തിക്കാന്‍ സമയമായെന്നതിന്റെ അറിയിപ്പുമായി രണ്ടുപേരും വരും. ഒരുപാടു വിളിച്ചിട്ടും മറുപടിയില്ലാതാവുമ്പോള്‍ കൈയില്‍ വടിയുമായി സുരക്ഷാ പൊലിസിനെപ്പോലെ ഇരുവരും ഗ്രൗണ്ടിലിറങ്ങും. അതോടെ തീരും അന്നത്തെ കളി.
ചോറു വിളമ്പുമ്പോഴേ ഉമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു കരുവാളിച്ച വിഷാദം തങ്ങിനില്‍ക്കുന്ന ചുണ്ടുകള്‍ ഇടക്കിടെ പിറുപിറുക്കുന്നുമുണ്ട്്. റേഡിയോ അപ്പോഴും വീതനപ്പുറത്തിരുന്നു മൂളുന്നുണ്ടായിരുന്നു. ഉണക്കമീന്‍ തൊട്ടുനക്കി ചോറുകഴിക്കുന്നതിനിടെ എന്താണുമ്മാ കുഴപ്പമെന്നു പലകുറി ചോദിക്കാന്‍ തുനിഞ്ഞതാണ്.
ഉപ്പയുടെ കത്തു വരാന്‍ വൈകിയാലും ഈ തഞ്ചക്കേട് ഉണ്ടാവാറുണ്ടെന്നോര്‍ത്തപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും നാക്ക് വായില്‍ തന്നെ ഒളിപ്പിച്ചു. ഇന്നിനി കളിക്കാന്‍ പോവണ്ടാന്ന് ഉമ്മ പറഞ്ഞപ്പോള്‍ മനസിലൊരു കൊളുത്തു വലി. അയോധ്യയിലെ പള്ളി ഹിന്ദു കര്‍സേവകള്‍ പൊളിച്ചൂന്ന് റേഡിയോ വാര്‍ത്തയില്‍ പറഞ്ഞൂത്രെ. ഭീതിപ്പെടുത്തുന്ന വാര്‍ത്തയാണതെന്ന് ഉള്‍കൊള്ളാനുള്ള മാനസിക വലിപ്പം ഞങ്ങള്‍ക്കില്ലല്ലോ. ഉമ്മ കാണാതെ ഒരിക്കല്‍ കൂടി കളിസ്ഥലത്തേക്കു ധൃതിയില്‍ ചെന്നപ്പോള്‍ അവിടം വിജനമായിരുന്നു. നിരാശനായി മടങ്ങിവരുമ്പോള്‍ സുരേഷിനെത്തേടി അവന്റെ വീട്ടിലെത്തിയെങ്കിലും ആരെയും പുറത്തുകാണാനില്ല.
സ്‌നേഹസമ്പന്നരായ ഒരുപാട് ഹിന്ദു അയല്‍പക്കക്കാര്‍ക്കിടയിലുള്ള ഒരേയൊരു മുസ്‌ലിം വീടാണു ഞങ്ങളുടേത്. കൂട്ടും കുടുംബവും ബന്ധവുമൊക്കെ ഈ അയല്‍പക്കം തന്നെ. സ്‌നേഹം കൊണ്ടും കൊടുത്തും കഴിഞ്ഞുകൂടുന്നവവരാണു ഞങ്ങള്‍. ഉമ്മ അത്യാവശ്യത്തിന് എവിടെയെങ്കിലും പോയാല്‍ ഉണ്ടതും ഉറങ്ങിയതുപോലും ഈ വീടുകളിലായിരുന്നു. ഓണവും വിഷുവും പെരുന്നാളും ഒരുമിച്ചാഘോഷിച്ചവര്‍. കുട്ടികളായ ഞങ്ങളെയെല്ലാം നിലത്തു ചമ്രം പടിഞ്ഞിരുത്തി ഇലയില്‍ ഓണസദ്യ വിളമ്പിത്തരുന്ന കുഞ്ഞിക്കോരേട്ടന്റെ ചിത്രം കണ്ണിലിന്നും മൂടിപ്പുതച്ചുറങ്ങുന്നുണ്ട്.
വിങ്ങിയ മനസുമായി വീട്ടില്‍ ചെന്നുകയറിയത് ഉമ്മയുടെ കണ്ണീരു കാണാനായിരുന്നുവെന്നു തോന്നുന്നു. 'ഇനിയെന്തൊക്കെയാണുണ്ടാവാന്‍ പോവുന്നത്, പടച്ചോനറിയാം... അല്ലാ നീ കാക്കണേ' ഉമ്മയുടെ പ്രാര്‍ഥന കലര്‍ന്ന വാക്കുകളില്‍ ഭീതിയുടെ പകര്‍ന്നാട്ടമുണ്ടായിരുന്നു. ഉമ്മയുടെ പേടി പതിയെ ഞങ്ങളിലേക്കും അരിച്ചുകയറാന്‍ തുടങ്ങി. പുറത്തു വെയിലൊളിച്ചു ദുഃഖം വീണുകിടക്കുന്ന നിഴല്‍ അശാന്തിയുടെ ലക്ഷണം കാട്ടി. ചുറ്റുപാടും ഉറഞ്ഞുകൂടിയ പേടിപ്പെടുത്തുന്ന മൗനം എന്തൊക്കെയോ ആശുഭവാര്‍ത്തക്കു കാതോര്‍ത്തു. എതോ പള്ളിയില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിരിക്കുന്നു. ഉമ്മ മെഴുകുതിരിപോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി.
വെയിലണഞ്ഞ സായാഹ്നസൂര്യന്റെ ശോഭക്കെന്തോ വല്ലായ്മയുടെ തലക്കനമുള്ളതുപോലെ. ഭീതിയും പരിഭ്രാന്തിയും പുകപടരുംപോലെ ചുറ്റുപാടും പടര്‍ന്നുകയറി. മൂടിക്കെട്ടിയ ആകാശത്തിനു ചുവടെ കണ്ണീര്‍ നനവ് പരക്കം പാഞ്ഞു. സമയം ഞങ്ങളുടെ ചെറ്റക്കുടിലിനുള്ളില്‍ തളം കെട്ടിക്കിടക്കുന്നതുപോലെ നിമിഷങ്ങള്‍ മണിക്കൂറുകളായ് ഇഴഞ്ഞുനീങ്ങി. പെട്ടെന്നുള്ള സ്‌ഫോടനശബ്ദം ശരീരത്തെ നടുക്കിക്കളഞ്ഞു. കാലുകള്‍ക്കു ബലക്ഷയം വന്ന പോലെ നിലത്തുനിന്നു പറിച്ചെടുക്കേണ്ട അവസ്ഥ, ധൈര്യം സംഭരിച്ചു പുറത്തിറങ്ങിയപ്പോള്‍ തൊട്ടയല്‍പക്കത്തെ അമ്പലമുറ്റത്തുള്ള ഷെഡ് കത്തിയെരിയുന്നു. ആളുകള്‍ ആര്‍പ്പുവിളികളോടെ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. വിലാപങ്ങളും അഗ്നിച്ചുരുളുകളും ആകാശത്തേക്ക് തീര്‍ഥാടനം ചെയ്യുന്നു. നാലുപാടും പള്ളികളില്‍നിന്നു കൂട്ട ബാങ്കുവിളികളുയര്‍ന്നു. എല്ലാം കൂടെ ഭീകരതയുടെ നൃത്തംവയ്ക്കല്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട മനസും നിറഞ്ഞ അയല്‍പക്കത്തിനിടയില്‍ ഒറ്റപ്പെട്ട കുടിലുമായി ഞങ്ങള്‍ നിന്നു വേവാന്‍ തുടങ്ങി.
ചുറ്റും ലഹള പടര്‍ന്നുപിടിക്കുകയാണ്; മനസില്‍നിന്നു മനസുകളിലേക്കും ശരീരത്തില്‍നിന്നു ശരീരങ്ങളിലേക്കും കുടിലുകളില്‍നിന്നു കുടിലുകളിലേക്കും അങ്ങാടിയില്‍നിന്ന് അങ്ങാടികളിലേക്കും. ആയുധങ്ങള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ മനുഷ്യര്‍ നിശബ്ദരായി. ഇടക്കെപ്പോഴോ ഞങ്ങളെ കൂട്ടാന്‍ വല്ലിപ്പ വന്നു. ഒറ്റ വീര്‍പ്പില്‍ പെറുക്കിക്കൂട്ടിയ സാധനങ്ങളുമെടുത്ത് വാതില്‍ ചാരിവച്ച് അനിയന്റെ കൈയും പിടിച്ച് ഉമ്മയുടെ കൂടെ തിരിഞ്ഞുനടക്കുമ്പോള്‍ അറിയില്ലായിരുന്നു അതൊരു പലായനമാണെന്ന്. മണിക്കൂറുകള്‍ കൊണ്ട് എല്ലാം കെട്ടടങ്ങിയത്രെ. നാടും വീടും പട്ടാളം കയറിയിറങ്ങി. കാലത്ത് പട്ടാളക്കാരുടെ റൂട്ട്മാര്‍ച്ച് കാണാന്‍പോലും ഒരാളും പുറത്തിറങ്ങിയില്ല. മദ്‌റസയും സ്‌കൂളും ദിവസങ്ങളോളം അടഞ്ഞുകിടന്നു. ആരോ പറഞ്ഞു, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന്. വാതില്‍ ചാരിയിറങ്ങിപ്പോന്ന വീട് അവിടെത്തന്നെയുണ്ടോന്നറിയാന്‍ പോലും ദിവസങ്ങളോളം പോയിനോക്കിയില്ല.
പതിയെ നാടുണരാന്‍ തുടങ്ങി. അങ്ങാടികള്‍ സാധാരണഗതിയിലായി. നാളെ മുതല്‍ സ്‌കൂള്‍ തുറക്കുമെന്ന് ഉമ്മ പറഞ്ഞു. അപ്പോഴേക്കും ഇരുപത്തിനാലു ദിവസം പിന്നിട്ടിരുന്നു, വീടു വിട്ടിറങ്ങിയിട്ട്.
വീട്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ച ഉമ്മ വൈകുന്നേരം ഞങ്ങളെയും കൂട്ടി വന്നുകയറുമ്പോള്‍ ജഡ പിടിച്ചു മാറാല കെട്ടിയ വീടാണു ഞങ്ങളെ സ്വീകരിച്ചത്. പ്രേതാലയം പോലെ പേടിപ്പെടുത്തുന്ന ഞങ്ങളുടെ വീട്.
അഭയാര്‍ഥിക്കാലം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും അയല്‍പക്കസൗഹൃദങ്ങളും ചങ്ങാതിമാരും ഞങ്ങള്‍ക്കു നഷ്ടമായിരുന്നു. സുരേഷും ഞാനും തമ്മില്‍ മനസിലെവിടെയോ ഒരകലം വിരുന്നെത്തി. അയല്‍പക്കങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കാതായി. കളിക്കളങ്ങളില്‍ പന്തുരുളാന്‍ കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു. അറിയാതെ മനസുകള്‍ക്കിടയിലും വീടുകള്‍ക്കിടയിലും മതിലുകളുയരാന്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."