കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ്: യാര്‍ഡിന്റെ പ്രവൃത്തി മഴക്കാലത്തിനു ശേഷം
കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്‍ഡിലെ യാര്‍ഡിന്റെ നിര്‍മാണം മഴക്കാലത്തിനു ശേഷം മാത്രമേ നടത്താന്‍ കഴിയൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബസ് സ്റ്റാന്‍ഡിന്റെ ഗ്രൗണ്ടും, കെട്ടിടത്തിന്റെ തറ നിരപ്പും സമനിരപ്പിലാണ് ഉള്ളത്. കോണ്‍ക്രീറ്റ് നടക്കുമ്പോള്‍ യാര്‍ഡിന്റെ ഉയരം 20 സെന്റി മീറ്ററെങ്കിലും ഉയരാന്‍ ഇടയുണ്ട്.അതോടെ മഴ വെള്ളം കടകള്‍ക്കുള്ളിലേക്കും വരാന്തയിലേക്കും കയറാനുള്ള സാധ്യത ഏറെയാണ്. സ്റ്റാന്‍ഡ് ചതുപ്പ് നിലത്തായതിനാല്‍ ഗ്രൗണ്ട് താഴ്ന്നുപോകാനുള്ള സാധ്യതയുമുണ്ട്.ഇപ്പോള്‍ തന്നെ ചില ഭാഗങ്ങള്‍ താഴ്ന്ന നിലയിലാണ്.
മഴപെയ്യുകയും സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഏതൊക്കെ ഭാഗം താഴുമെന്ന് മനസിലാക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ മഴക്ക് ശേഷം പ്രവര്‍ത്തി നടത്തിയാല്‍ മതിയെന്ന വിദഗ്ധാഭിപ്രായമാണ് ഭരണസമിതിക്ക് ലഭിച്ചിട്ടുള്ളത്.
ഭരണ സമിതി ഐകകണ്‌ഠ്യേന ഇത് അംഗീകരിക്കുകയും സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പ്രസ്തുത തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ധൃതി പിടിച്ച് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തതാണ് ഈ ദുരവസ്ഥക്ക് കാരണം. പുതിയ ഭരണ സമിതി അധികാരമേറ്റതിനു ശേഷമാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയതും, കുടിവെള്ളമടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ബസുകള്‍ കയറാന്‍ അവസരമുണ്ടാക്കിയതും.
2016-17 വര്‍ഷത്തെ പദ്ധതിയില്‍ യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപ നീക്കി വെക്കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ പ്രവൃത്തി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ധൃതി പിടിച്ച് യാര്‍ഡ് നിര്‍മാണം നടത്തിയാല്‍ പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടം വരാന്‍ സാധ്യതയുണ്ട്.ആയതിനാല്‍ പൂര്‍ണ്ണമായും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നതെന്നും അദ്ധേഹം പറഞ്ഞു.
പത്ര സമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് കെ.സി ബിന്ദു, പി.സി രവീന്ദ്രന്‍, രജിഷ, ഇ.കെ നാണു എ.ബാലന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."