സഫലമായ യാത്രയും യാത്രക്കാരനും
മലയാളത്തിലെ ആധുനിക പുരോഗമന ചിന്താഗതിയിലേക്ക് കവിതയുടെ നീര്‍ത്തുള്ളികളെ ചാലിട്ടൊഴുക്കിയ കവിയായിരുന്നു എന്‍.എന്‍ കക്കാട് എന്ന നാരായണന്‍ നമ്പൂതിരി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് അവിടനലൂരില്‍ കക്കാട് മനയിലാണ് അദ്ദേഹം ജനിച്ചത്, 1927 ജൂലൈ 14ന്. പ്രശസ്ത സംസ്‌കൃത പണ്ഡിതനായിരുന്ന പിതാവില്‍നിന്ന് ആദ്യപാഠങ്ങള്‍ സ്വയത്തമാക്കി. പിന്നീട് തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് ഓറിയന്റല്‍ ലാംഗ്വേജ് (ബി.ഒ.എല്‍) എന്ന ബിരുദം നേടിയത്.
ബാല്യത്തില്‍ തന്നെ കവിതയുടെ വെളിച്ചമുണ്ടായിരുന്നു. പാരമ്പര്യരീതിയിലുള്ള സംസ്‌കൃത പഠനവും തന്ത്രവും മറ്റും കുടുംബത്തില്‍നിന്നു പഠിച്ച ശേഷമാണ് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും തൃശൂര്‍ കേരളവര്‍മ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വീട്ടില്‍നിന്നു പഠിച്ച സംസ്‌കൃതവും തന്ത്രങ്ങളും അടിത്തറയായിരുന്നിരിക്കാമെങ്കിലും ആ രണ്ടു സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസവും ജീവിതവുമാണു തന്നെ ജീവിതഗന്ധിയായ കവിതകളിലേയ്ക്ക് നയിച്ചതെന്ന് കക്കാട് ഒരിക്കല്‍ പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹവും ജീവിതദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്രയായി നിലക്കൊണ്ടു. ചിത്രമെഴുത്ത്, ഓടക്കുഴല്‍വാദനം, ശാസ്ത്രീയ സംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.
സമൂഹത്തിലെ സാധാരണക്കാരന്റെ ധര്‍മസങ്കടങ്ങളും നഗരമുഖങ്ങളുടെ ഫലശൂന്യതയും പൊള്ളയായ മുഖങ്ങളും കവിതയായെഴുതിയ അദ്ദേഹം അര്‍ബുദബാധയെത്തുടര്‍ന്ന് 1987 ജനുവരി ആറിനു കഥാവശേഷനായി.
ബാല്യം
ദാരിദ്ര്യത്തിന്റെ സകല ദേവതമാരും അഴിഞ്ഞാടിയിരുന്ന ഒരു പഴയ ജന്മി പുരോഹിത കുടുംബത്തില്‍ പിറന്ന്, കുരുന്നിലേ രോഗവും ബലമില്ലായ്മയുമായിട്ടായിരുന്നു കക്കാട് ജീവിതം തുടങ്ങിയത്. സമപ്രായക്കാര്‍ ബലമുള്ള ശരീരം കൊണ്ടും വിദ്യകൊണ്ടും പ്രബലരായപ്പോള്‍ മനോരാജ്യവും കണ്ട് അദ്ദേഹം നാളുകള്‍ നീക്കി. മുത്തശ്ശി പറഞ്ഞുതന്ന പുരാണ കഥകളും പുരാണ കഥാപാത്രങ്ങളും ചങ്ങാതിമാരുമായി.
തന്ത്രവൃത്തിയെന്ന കുലത്തൊഴിലിനു പുറമെ സംസ്‌കൃതഭാഷ, സിദ്ധരൂപം, അമരകോശം, ബാലപ്രബോധം, സമാസചക്രം, ജ്യോതിഷം, തന്ത്രവൃത്തി, തന്ത്ര ദര്‍ശനം എന്നിവ പിതാവില്‍നിന്നു പഠിച്ചു. അവിടനല്ലൂരമ്പലത്തിലെ ഉത്സവം കഴിഞ്ഞാല്‍ കുറേനാള്‍ കിഴക്കേ മുറ്റത്ത് വെണ്ണീറും കരിയും ഓട്ടിന്‍പൊടിയും കൊണ്ടുള്ള ഭദ്രകാളികളമുണ്ടാകുമായിരുന്നു. അതുകണ്ടു തനിയെ കളം വരഞ്ഞും കളമെഴുത്തുപാടിയും കോമരം തുള്ളിയും തായമ്പക പഠിച്ചും പില്‍ക്കാലത്തു പത്മവ്യൂഹം തകര്‍ത്തെറിയാന്‍ തന്നെ പ്രചോദനമായെന്നു കവി പറയുന്നുണ്ട്. പിന്നെ വായനയായി കക്കാടിന്റെ ഇഷ്ടവിഷയം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതത്തിലേക്കുള്ള ക്ഷണം, ബൈബിളും ഗ്രീക്കു പുരാണങ്ങളുമൊക്കെ പഠിക്കാന്‍ കാരണമായി.
സ്വാതന്ത്ര്യ സമരകാലം
വളരെ വൈകിയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അറിഞ്ഞത്. പഠനത്തിനിടയില്‍ വല്ലപ്പോഴുമേ അതൊക്കെ കേട്ടിരുന്നുള്ളൂ. പത്രവായന അന്നില്ലായിരുന്നു. അധ്യാപക സമരത്തെ തുടര്‍ന്ന് എലിമെന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സര്‍വിസില്‍നിന്നു പിരിച്ചുവിട്ടതും കെ.പി.ആര്‍ ഗോപാലന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ തൂക്കാന്‍ വിധിച്ചതും വലിയ സംഭവമായി അദ്ദേഹം കേട്ടറിഞ്ഞു.
ഗാന്ധിജി, കോണ്‍ഗ്രസ്, കെ. കേളപ്പന്‍, ഇംഗ്ലീഷുകാര്‍, കെ.പി.ആര്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം മുതിര്‍ന്നവര്‍ സംസാരിക്കുന്നത് കൊച്ചു നാരായണന്‍ കേട്ടിരുന്നു. കുടുംബത്തില്‍ പലരും ഹിന്ദി പഠിക്കുകയും, ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്യുന്നതും കൗതുകമായി. വെള്ളത്തൊപ്പി വച്ച ഖദര്‍ധാരികള്‍ വയല്‍വരമ്പിലൂടെ 'ഭാരത് മാതാ കീ ജെയ് ' എന്നു വിളിച്ചുപോകുന്നതും കക്കാടിനു മനസിലായിരുന്നില്ല.
1943ല്‍ കോഴിക്കോട് സാമൂതിരി സ്‌കൂളില്‍ തേര്‍ഡ് ഫോറത്തില്‍ പഠിക്കുമ്പോഴാണു ലോകവിവരം തന്നെ അദ്ദേഹത്തിനുണ്ടായത്. ചുറ്റുപാടുകളും സ്വാതന്ത്ര്യ പ്രക്ഷോഭവും ശരിക്കും ഉള്‍ക്കൊണ്ട് ഒരു കോണ്‍ഗ്രസുകാരനായി മാറി. ഖദര്‍വസ്ത്രവും കൈയെഴുത്തു മാസികയുമായി കൂടിക്കുഴഞ്ഞ ദിവസങ്ങള്‍. ഫോര്‍ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ കൈയെഴുത്തു മാസികയിലെഴുതിയ ഒരു കവിതമൂലം നിരീക്ഷണത്തിനു വിധേയനായി.
1948-52 കാലം തൃശൂര്‍ കേരള വര്‍മ കോളജില്‍ വച്ച് എന്‍.വി കൃഷ്ണവാര്യരെ അടുത്തറിഞ്ഞതിനുശേഷമായിരുന്നു കവിതയുടെ പുതുവഴി കക്കാടില്‍ തെളിയുന്നത്. എന്‍.വി തെളിയിച്ചുതന്ന മൂന്നാംകണ്ണായ 'കവിതാ രചന'എന്നാണു പില്‍ക്കാലത്ത് കവി ഇതിനെ വിശേഷിപ്പിച്ചത്. ഇടക്ക് മാര്‍ക്‌സിയന്‍ ദര്‍ശനവും കക്കാടിനെ ഗ്രസിച്ചു. പൂണൂലും കുടുമയും ഉപേക്ഷിച്ചു പാരമ്പര്യ ഹൈന്ദവാചാരങ്ങള്‍ അഴുക്കുചാലിലെറിഞ്ഞു, കക്കാട് എന്ന പുരോഗമനകവി. ഇടശ്ശേരിയും എന്‍.വിയും ഇഷ്ടകവികളായിത്തീര്‍ന്നു ഇക്കാലത്ത്.
കവിതയുടെ മൂന്നുകാലങ്ങള്‍
കക്കാടിന്റെ കവിതകളെ പൊതുവെ മൂന്നു കാലഘട്ടങ്ങളായാണു നിരൂപകര്‍ വിലയിരുത്തുന്നത്. ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നഗരവല്‍ക്കരണത്തെയും ഉത്തരോത്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖാസക്തിയെയും നിശിതമായി വിമര്‍ശിക്കുന്നതാണ് ഒന്നാമത്തേത്. ഈ കാലത്താണ് അദ്ദേഹം ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം എന്നിങ്ങനെയുള്ള സമാഹാരങ്ങള്‍ രചിച്ചത്.
രണ്ടാമത്തെ കാലഘട്ടത്തില്‍ കവി ഇന്ത്യാ രാജ്യത്തെയാകമാനം വീക്ഷിക്കുകയായിരുന്നു. ഉയര്‍ന്നു കയറുന്ന നഗരസംസ്‌കൃതി രാജ്യമൊന്നാകെ പടരുന്നതായുള്ള തിരിച്ചറിവില്‍നിന്നുണ്ടായതായിരുന്നു പിന്നീടുണ്ടായ കവിതകള്‍. എവിടെയോ പ്രതീക്ഷയുടെ ഒരു തിരിനാളം കക്കാട് കാണുന്നത് അങ്ങനെയാണ്. വജ്രകുണ്ഡലം എന്ന ഖണ്ഡകാവ്യം ഈ കാലത്തെ മികച്ച സൃഷ്ടിയാണ്. 1977ലാണ് വജ്രകുണ്ഡലത്തിന്റെ പിറവി.
രണ്ടു കാലങ്ങളിലായുണ്ടായിരുന്ന തന്റെ പ്രതീക്ഷകളൊന്നും ഫലവത്താകുന്നില്ലെന്ന തിരിച്ചറിവില്‍നിന്നുണ്ടായ അമര്‍ഷവും നിരാശയും വേദനകളും വിഹ്വലതകളും ഉത്കണ്ഠകളും ചേര്‍ന്ന രചനകളായിരുന്നു മൂന്നാമത്തെ കാലഘട്ടത്തില്‍ കക്കാട് കൈരളിക്കു സമര്‍പ്പിച്ചത്. പട്ടികളും ചെറ്റകളും കഴുവേറികളുമൊക്കെയായിരുന്നു കവിതക്കു വിഷയമായിരുന്നത്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട്, കഴുവേറിപ്പാച്ചന്റെ പാട്ടുകള്‍, വാരിക്കുഴിപ്പാട്ട്, കുമ്മാട്ടി, രാമായണം കളി എന്നിവ ഈ കാലഘട്ടത്തില്‍ വന്ന രചനകളാണ്.
കൃതികള്‍
ഭാവഗീതത്തിന്റെ ലാളിത്യവും ചാരുതയും നിറഞ്ഞുനില്‍ക്കുന്ന കക്കാടിന്റെ കവിതകള്‍ വേദനയുടെയും സഹതാപത്തിന്റെയും വികാരാര്‍ദ്രമായ പ്രതിഫലനം കൂടിയാണ്. 1957ല്‍ 'ശലഭഗീതം' എന്ന കവിതാഗ്രന്ഥവുമായാണ് കക്കാട് സാഹിത്യലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. നാഗരികജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിഷമസന്ധികള്‍ ഈ കവിതകളില്‍ അനാവരണം ചെയ്യുന്നു.
1960ല്‍ 'പാതാളത്തിന്റെ മുഴക്കം' പുറത്തുവന്നതോടെ ആധുനിക കവിതയുടെ പ്രയോക്താവ് എന്ന വിശേഷണം കക്കാടിന് അനുവാചകലോകം ചാര്‍ത്തിനല്‍കി. ഇതാ ആശ്രമമൃഗം, കൊച്ച്, പകലറുതിക്കു മുമ്പ്, നാടന്‍ ചിന്തുകള്‍, സഫലമീയാത്ര(കാവ്യസമാഹാരങ്ങള്‍), വജ്രകുണ്ഡലം (ഖണ്ഡകാവ്യം), കവിതയും പാരമ്പര്യവും(നിരൂപണ പഠനങ്ങള്‍), അവലോകനം (ഉപന്യാസങ്ങള്‍), കക്കാടിന്റെ കൃതികള്‍ (സമ്പൂര്‍ണ രചനകള്‍) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന രചനകള്‍.
എന്‍.എന്‍ കക്കാട് എന്ന നാമത്തിനു പുറമെ പ്രതിഷേധത്തിന്റെ കൂരമ്പുകളെയ്യാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മറ്റുചില തൂലികാനാമങ്ങളും അദ്ദേഹം സ്വീകരിക്കുകയുണ്ടായി. മാരുതി, നാനാക്ക് എന്നിങ്ങനെയായിരുന്നു ആ തൂലികാനാമങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി 1965-75 കാലം 'കുട്ടേട്ടന്‍' എന്ന പേരില്‍ കൈകാര്യം ചെയ്തിരുന്നു.
അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍
ഒരു കൃതിക്കു തന്നെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കുക എന്ന സവിശേഷതയും കക്കാടിന്റെ സാഹിത്യജീവിതത്തിലുണ്ടായി. 'സഫലമീയാത്ര' എന്ന കവിതാസമാഹാരത്തിന് 1985ലെ ഓടക്കുഴല്‍ പുസ്‌കാരവും 1986ലെ ആശാന്‍ പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും കൃതിക്കു ലഭിച്ചു. 'കവിത' എന്ന സമാഹാരത്തിനു ലഭിച്ച ചെറുകാട് സ്മാരക ശക്തി അവാര്‍ഡായിരുന്നു ആദ്യത്തെ അംഗീകാരം.
അധ്യാപകന്‍, സോഷ്യലിസ്റ്റ്
അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണു ജോലി ചെയ്തത്. അതിനിടക്ക് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി ഇടതുപക്ഷത്തേക്കു ചേര്‍ന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഇടതുപക്ഷ പരിപ്രേക്ഷ്യം നല്‍കിയെന്നു കരുതിയാല്‍ തെറ്റാകില്ല.
നടുവണ്ണൂര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും മാനേജ്‌മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് കോഴിക്കോട് ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷനുണ്ടാക്കി സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. 1985ല്‍ ആകാശവാണിയിലെ പ്രൊഡ്യൂസര്‍ സ്ഥാനത്തുനിന്നു വിരമിച്ചു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കേരള സാഹിത്യ സമിതി, വള്ളത്തോള്‍ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കവിതയുടെ രാഷ്ട്രീയം
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകള്‍ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോസരപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളില്‍ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയില്‍ നഗരജീവിതത്തെ ഒരുവന്‍ തന്റെ ഞരമ്പുകള്‍ കൊണ്ട് വലിച്ചുകെട്ടിയ കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകള്‍ മാത്രം നിറഞ്ഞതാണെന്ന മൗഢ്യധാരണയും അദ്ദേഹത്തിനില്ലായിരുന്നു. ഭയം കൊണ്ടു മരവിച്ചു ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവര്‍ഗത്തെ കരുതി.
ഇതിഹാസങ്ങളില്‍നിന്നു രൂപകങ്ങള്‍ കടം കൊണ്ട് ആധുനിക മനുഷ്യന്റെ അവസ്ഥയെ വര്‍ണിച്ചു. അങ്ങനെ ഭൂതവും വര്‍ത്തമാനവുമായി അദ്ദേഹം പാലങ്ങള്‍ തീര്‍ത്തു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം. നിരവധി കവിതകള്‍ രചിച്ച കക്കാടിന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ് 'സഫലമീയാത്ര'യാണ്. ഈ വരികള്‍ മാത്രം മതി അദ്ദേഹത്തിന്റെ കവിതകളെ കാലാതിവര്‍ത്തിയായി നിലനിര്‍ത്താന്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..
നമുക്കിപ്പോഴീയാര്‍ദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേല്‍ക്കാം
വരിക സഖി
അരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം
അന്യോന്യം ഊന്നു
വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര(സഫലമീ യാത്ര)
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ
കാടിനകം കണ്ടവരാരും
തന്നില്ലം കണ്ടില്ലല്ലോ(വഴിവെട്ടുന്നവരോട്)
തീ കത്തുന്നൊരു ഭൂമിയില്‍
കരിഞ്ഞ ജന്തുജാലങ്ങള്‍
വെണ്ണീര്‍ പാറും മരങ്ങള്‍ തന്‍
അസ്ഥി ചിന്നുന്ന കുന്നുകള്‍ (സൂര്യഗായത്രി)
വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തന്‍ കണ്ണാല്‍ നോക്കി
കണ്ടതും കാണാത്തതുമറിയാതെ
നീയെത്ര തൃപ്തനായ് കിടക്കുന്നു.(പോത്ത്)
ആടെട ചെറ്റേ, ആട് മറ്റെന്തുണ്ടീ
നാണം, ജഗത്തില്‍ ചെയ്യാന്‍ (ചെറ്റകളുടെ പാട്ട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."