ഇരട്ട ഗര്‍ഭപാത്രം; രണ്ടിലും ഇരട്ടകളെ ഗര്‍ഭംധരിച്ച് യുവതി
ലണ്ടന്‍: ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള യുവതി രണ്ടിലും ഇരട്ടകളെ ഗര്‍ഭംധരിച്ചു. 50 ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന അപൂര്‍വമായ അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബ്രിട്ടനിലെ കെല്ലി ഫെയര്‍ഹര്‍സ്റ്റ് എന്ന 28കാരി അടുത്തിടെയാണ് തനിക്ക് രണ്ട് ഗര്‍ഭപാത്രങ്ങളുള്ള യൂട്രസ് ഡിഡെല്ഫിസ് എന്ന അവസ്ഥയാണെന്ന് മനസിലാക്കിയത്. എന്നാല്‍ ഗര്‍ഭിണിയായി 12ാം ആഴ്ചയിലെ സ്കാനിങ്ങിന് ചെന്നപ്പോഴാണ് രണ്ട് ഗര്‍ഭപാത്രങ്ങളിലും രണ്ട് ഇരട്ടകള്‍ വീതം വളരുന്ന കാര്യം ഇവര്‍ അറിഞ്ഞത്. കുട്ടികള്‍ ഐഡന്റിക്കല്‍ ട്വിന്‍സ് ആവാമെന്ന് ആശുപത്രി അധികൃതര്‍ കെല്ലിയോട് പറഞ്ഞതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കെല്ലിക്ക് മൂന്നും നാലും വയസ് പ്രായമുള്ള മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയുണ്ടായപ്പോഴേ ആശുപത്രി അധികൃതര്‍ തനിക്ക് ബൈക്കോറുണേറ്റ് യൂട്രസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. മുഴുവനായി വികസിക്കാതെ രണ്ടാമതൊരു ഗര്‍ഭപാത്രം കൂടി ഉണ്ടാകുന്ന അവസ്ഥയാണിത്. എന്നാല്‍ പിന്നീടുണ്ടായ ഗര്‍ഭത്തില്‍ രണ്ട് ഗര്‍ഭപാത്രത്തിലും കുഞ്ഞുങ്ങള്‍ ഉണ്ടായി.
കെല്ലിക്ക് രണ്ട് വ്യത്യസ്ത പ്രസവ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും സിസേറിയനിലൂടെ എല്ലാ കുഞ്ഞുങ്ങളെയും പുറത്തെടുക്കാന്‍ സാധിക്കുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."